പത്തനംതിട്ട: സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിവരുന്ന പത്തനംതിട്ടയിൽ പൊതുപ്രവർത്തകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം നിരവധിയാളുകൾ ക്വാറന്റൈനിൽ.
ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, മുസ്ളീം ലീഗ് ജില്ലാ സെക്രറി ടി.എം.ഹമീദ് എന്നിവരെല്ലാം ക്വാറന്റൈനിലാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധിതർ വർദ്ധിക്കുന്നത് സമൂഹവ്യാപന ഭീഷണി കൂട്ടുകയാണ്. ജില്ലയിൽ ഇന്നലെ 24 പേർക്കാണ് സമ്പർക്കത്തിലൂടെയുള്ള രോഗം സ്ഥിരീകരിച്ചത്.
സി.പി.എം ജില്ലാ കമ്മറ്റിയംഗം, ഏരിയ കമ്മറ്റിയംഗം എന്നിവർ കൊവിഡ് ആശുപത്രികളിൽ ചികിത്സയിലാണ്. നില ഗുരുതരമായതിനെ തുടർന്ന് ഏരിയ കമ്മറ്റി അംഗത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷൻ സക്കീർ ഹുസൈൻ, പത്തനംതിട്ട ആർ.ടി.ഒ ജിജി ജോർജ്, ജില്ലാ കമ്മിറ്റിയംഗങ്ങൾ, പത്തനംതിട്ട നഗരസഭ കൗൺസിലർമാർ തുടങ്ങി ക്വാറന്റൈനിൽ കഴിയുന്നവരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്.
കോന്നിയിൽ ഏഴിനു നടന്ന ആർ.ടി സബ് ഓഫീസ് ഉദ്ഘാടന വേദിയാണ് എം.പിയെയും എം.എൽ.എയെയും ക്വാറന്റൈനിലാക്കിയത്. ഈ പരിപാടിയിൽ പങ്കെടുത്ത ആർ.ടി ഓഫീസിലെ ഒരു ജീവനക്കാരന് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ജില്ലാ പഞ്ചായത്തിലെ വനിതാ ക്ലാർക്കിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒാഫീസ് അടച്ചു. മറ്റ് ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗത്തിന്റെ സമ്പർക്കപ്പട്ടികയിൽപ്പെട്ട കേരള ബാങ്ക് ശാഖ, കുമ്പഴ സഹകരണ ബാങ്ക് ശാഖ, പത്തനംതിട്ടയിലെ ഒരു സൂപ്പർമാർക്കറ്റ് എന്നിവ അടച്ചു. ജീവനക്കാർ ക്വാറന്റൈനിലായി. പ്രതിദിന സമ്പർക്ക രോഗികളുടെ എണ്ണം കൂടിവരുന്നതോടെ കൂടുതൽ പ്രദേശങ്ങൾ നിയന്ത്രിത മേഖലയിലായി.
@ ചികിത്സയിലുള്ള രോഗികൾ 237
@ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 72