പത്തനംതിട്ട: കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഭക്ഷണ വിതരണം വലിയ വെല്ലുവിളിയാകുന്നു. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും സമയത്ത് ആഹാരം ലഭിക്കുന്നില്ലെന്ന് രോഗികളുടെ ഭാഗത്തു നിന്ന് പരാതികൾ ഉയരുന്നുണ്ട്. മാർച്ച് ആദ്യവാരം ആദ്യ കൊവിഡ് രോഗികൾ അഡ്മിറ്റായപ്പോൾ ജനറൽ ആശുപത്രിയിൽ പ്രത്യേകമായി തുടങ്ങിയ അടുക്കളയിൽ നിന്നാണ് രോഗികൾക്ക് ഭക്ഷണം നൽകുന്നത്. ഡി.വൈ.എഫ്.എെ ഉച്ചഭക്ഷണം എത്തിക്കുന്നുണ്ട്. ഇപ്പോൾ രോഗികൾ 150ലേറെ ആയപ്പോൾ ഭക്ഷണ വിതരണം താളം തെറ്റി. ചികിത്സിക്കുന്ന ഡോക്ടർമാരും പരിചരിക്കുന്ന നഴ്സുമാരും ജീവനക്കാരും എല്ലാമായി ഇരുന്നൂറിലേറെ ആളുകൾ. ഇവർക്കെല്ലാം ഭക്ഷണം ഉണ്ടാക്കി പാക്ക് ചെയ്ത മുറികളിൽ എത്തിക്കുന്ന ജോലി ചെയ്യാൻ അഞ്ചിൽ താഴെ ആളുകളും. പാക്കിംഗ് വൈകുന്നതു കാരണം മുറികളിൽ ഭക്ഷണമെത്താനും താമസം നേരിടുന്നു. പ്രമേഹം പോലെ ജീവിത ശൈലി രോഗങ്ങൾ ഉള്ളവരും വീടുകളിൽ കൃത്യസമയങ്ങളിൽ ഭക്ഷണം കഴിച്ചിരുന്നവരും ചിട്ട തെറ്റിയപ്പോൾ ആശുപത്രി അധികൃതരോട് തർക്കിക്കുകയും കളക്ടർക്കും ഡി.എം.ഒയ്ക്കും പരാതികൾ അയക്കുകയും ചെയ്യുന്നു.
നഗരസഭ നൽകിക്കൊണ്ടിരുന്ന ഭക്ഷണ വിതരണം നിറുത്തിയതും പ്രതിസന്ധിയുണ്ടാക്കി. നഗരസഭയുടെ ഭക്ഷണ പാക്കറ്റിന് വലിയ തുക ഇൗടാക്കുകയും ചെയ്തിരുന്നു. മൂന്ന് ഇഡ്ലലിക്കും സാമ്പാർ കറിക്കുമായി 40രൂപ വാങ്ങിയിരുന്നു. സർക്കാർ ഫണ്ട് വൈകുമ്പോൾ ആശുപത്രിയിലെ ഡോക്ടർമാർ കയ്യിൽ നിന്ന് പണം മുടക്കിയാണ് ഭക്ഷണം തയ്യാറാക്കാൻ സാധനങ്ങൾ വാങ്ങുന്നത്. ആദ്യം ഭക്ഷണം എത്തിച്ചിരുന്ന സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും ഇപ്പോൾ രംഗത്തില്ല. രോഗികൾ കൂടുതലായി എത്തുന്നതോടെ ഭക്ഷണം സംബന്ധിച്ച പ്രതിസന്ധി രൂക്ഷമായേക്കും.
ജനറൽ ആശുപത്രിയിലെ കൊവിഡ് രോഗികൾ : 150
ആകെ കിടക്കകൾ : 300