തിരുവല്ല: തോടുകളുടെ വീണ്ടെടുപ്പിനായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്ക് ഇരവിപേരൂർ പഞ്ചായത്തിൽ തുടക്കമായി. മണിമലയാറിൽ നിന്നും ആരംഭിച്ച് ഒന്നുംരണ്ടും വാർഡുകളിലൂടെ ഒഴുകിയിരുന്ന പൂവപ്പുഴ–കോട്ടത്തറ–പാടത്തുപാലം–മുട്ടാറ്റ് തോടിന്റെ പുനരുജ്ജീവനമാണ് ലക്ഷ്യമിടുന്നത്. ഒന്നര കിലോമീറ്ററോളം വരുന്ന ഈ തോടിന്റെ ജനകീയ വീണ്ടെടുപ്പിനായി തോടിനെ നാല് റീച്ചുകളായി തിരിച്ച് ഒരോ റീച്ചിലും പ്രത്യേകം ജനകീയകമ്മിറ്റി രൂപീകരിച്ചു. ആദ്യഭാഗം 500 മീറ്ററോളം പൂവപ്പുഴ– മണ്ണീറ്റില്പടി ഭാഗത്ത് വീണ്ടെടുപ്പ് പ്രവർത്തികൾ ആരംഭിച്ചുവെങ്കിലും ലോക്ക്ഡൗണിനെതുടർന്ന് പൂർത്തീകരിക്കുവാൻ കഴിഞ്ഞില്ല. 300 മീറ്ററുകൾ വീതം രണ്ടുറീച്ചുകൾ മണ്ണിട്ടിൽപുടി–കോട്ടത്തറ–പാടത്തുപാലം ഭാഗം പൂർണമായും വീണ്ടെടുത്തു. സ്ത്രീകൾ അംഗങ്ങളും ചുമതലക്കാരുമായ അവസാനറീച്ച് 400 മീറ്ററോളം വരുന്ന പാടത്തുപാലം ചാൽ മുട്ടാറ്റ്ചാൽ ഭാഗത്തും തോട് തെളിച്ച് ചാൽ നവീകരിക്കൽ പ്രവർത്തികൾ ആരംഭിച്ചെങ്കിലും ലോക്ക്‌ഡൗണും തുടർന്നുവന്ന മഴയുംമൂലം പൂർത്തീകരിക്കുവാൻ സാധിച്ചില്ല. ജനകീയകമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രദേശവാസികളിൽനിന്നും പണം കണ്ടെത്തിയാണ് ഈ പ്രവർത്തികൾ ഏറ്റെടുത്തത്.

പാടത്ത്പാലത്ത് പുതുതായി തോട്

പാടത്ത്പാലം ഭാഗത്ത് തോടുതന്നെ ഇല്ലാതായിരുന്ന അവസ്ഥയാണ്. ഇവിടെ റവന്യു രേഖകളിൽ തോടില്ലെന്ന സ്വകാര്യവ്യക്തികളുടെ തർക്കം ഒത്തുതീർപ്പാക്കിയാണ് പുതുതായി തോട് നിർമ്മിച്ചത്. ഈ തോടിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ടിരുന്നതിനാൽ കഴിഞ്ഞ പ്രളയകാലത്ത് ഒന്നുംരണ്ടും വാർഡുകളിൽനിന്ന് വെള്ളം ഒഴുകിമാറുന്നതിന് കാലതാമസമുണ്ടായി. പലയിടത്തും സ്വകാര്യ വൃക്തികൾ വീട്ടിലേക്കുള്ള പ്രവേശമാർഗം തോടിന് കുറുകെ മണ്ണിട്ടാണ് ഉണ്ടാക്കിയിരുന്നത്. ഈതോടിന് കുറുകെ 50വർഷം മുമ്പേ നിർമ്മിച്ച പഞ്ചായത്ത് റോഡുകളും തോട്ടിലെ നീരൊഴുക്കിന് തടസമാണെന്നത് ശ്രദ്ധയിൽവന്നതിനെ തുടർന്നാണ് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾ‌പ്പെടുത്തി കലുങ്ക് നിർമ്മിക്കുവാൻ തീരുമാനിച്ചത്.പൂവപ്പുഴ–മേതൃക്കയിൽ റോഡിൽ പനയ്ക്കൽ ഭാഗത്തും പാടത്തുപാലം–കുന്തേപ്പള്ളി റോഡിൽ കോന്നാത്ത് ഭാഗത്തുമായി മൂന്ന് കലുങ്കുകൾ നിർമ്മിക്കുന്നതിനാണ് പഞ്ചായത്ത് പദ്ധതിവെച്ചിട്ടുള്ളത്.

പനയ്ക്കൽ ഭാഗത്തെ കലുങ്കിന്റെ നിർമ്മാണം ആരംഭിച്ചു. ഇതിന് തുടർച്ചയായി മറ്റ് രണ്ട് കലുങ്കുകളും പൂർത്തീകരിക്കുന്നതിനുള്ള കരാർ നടപടികൾ പൂർത്തീകരിച്ചു.

അഡ്വ.എൻ.രാജീവ്

(വൈസ് പ്രസിഡന്റ് )