അടൂർ: നഗരഹൃദയത്തിലെ ഗാന്ധി സ്മൃതി മൈതാനിയിൽ വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ റോഡിലേക്ക് അപകടമാംവിധം തുങ്ങി കിടക്കുന്ന ചില്ലകൾ ജില്ലാ കളക്ടറുടെ അനുമതിയെ തുടർന്ന് മുറിച്ച് മാറ്റാൻ നഗരസഭ നടത്തിയ ശ്രമം കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് തടസപ്പെട്ടു. നഗരസഭ സെക്രട്ടറി അപകട ഭീഷണി ചൂണ്ടിക്കാട്ടിയതിനാല് പലപ്രാവശ്യം തഹസീൽദാർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ വന്നതിനെ തുടർന്നാണ് കളക്ടർക്ക് നിവേദനം നൽകിയതും അനുകൂലമായ ഉത്തരവ് സമ്പാദിച്ചതും. നഗരസഭയുടെ നേതൃത്വത്തിലാണ് മരങ്ങൾ വെട്ടാൻ ആരംഭിച്ചത്. റോഡിലേക്ക് വളർന്നു നിന്ന രണ്ടു മരങ്ങളുടെ ചില്ലകൾ വെട്ടിയെങ്കിലും കോൺഗ്രസ് പ്രവർത്തരുടെ എതിർപ്പിനെ തുടർന്ന് വെട്ട് നിറുത്തി വെച്ചു.ഇക്കാര്യത്തിൽ തന്റെ അനുമതി വാങ്ങാതെയാണ് നഗരസഭ നിലപാട് സ്വീകരിച്ചതെന്ന തഹസീൽദാറുടെ വെളിപ്പെടുത്തലും പ്രതിഷേധക്കാർക്ക് ഊർജ്ജം പകർന്നു. നഗരസഭയിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഒന്നും നടന്നില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നഗരഭ കൗൺസിലർമാരും പറഞ്ഞു. ഇതോടെ മരം വെട്ടുന്നത് നഗരസഭ അധികൃതർ നിറുത്തി. മരം വെട്ടുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.പ്രതിഷേധ സമരത്തിന് കോൺഗ്രസ് കെ.പി.സി.സി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ, ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ, ഉമ്മൻ തോമസ്, ബിജു വർഗീസ്, സുധാ കുറുപ്പ്, ഷിബു ചിറക്കരോട്ട്, ഗോപു കരുവാറ്റ,ജോസ് പെരിങ്ങനാട്,കമറുദ്ദിൻ മുണ്ടുതറയിൽ, അംജത്ത് അടൂർ,അരവിന്ദ്, ഷിബു അലീന എന്നിവർ നേതൃത്വം നൽകി.