covid

പന്തളം : നഗരസഭയിലെ ചേരിക്കൽ 31, 32 വാർഡുകളിൽ സമ്പർക്കത്തിലൂടെ കോവിഡ് പകരാൻ സാദ്ധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ അഭ്യർത്ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണങ്ങളോടെ തുറന്നിടുന്നതിനും മറ്റു പാതകൾ പൂർണമായും അടയ്ക്കുന്നതിനും ചിറ്റയം ഗോപകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. മുൻസിപ്പൽ ചെയർപേഴ്‌സൺ ടി.കെ.സതി, വൈസ് ചെയർമാൻ ആർ.ജയൻ, നഗരസഭ സെക്രട്ടറി ബിനിജി എന്നിവർ ഫോണിലൂടെ യോഗത്തിൽ സ്ഥിതിഗതികൾ വിശദീകരിച്ചു. തഹസീൽദാർ ബീന.എസ്.ഹനീഫ്, ഡിവൈ.എസ്.പി. ബിനു, പന്തളം സി.ഐ ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
പന്തളം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസറുടെ ചുമതലയിൽ മുഴുവൻ വീടുകളിലും സർവേ നടത്തി സമ്പർക്ക പട്ടിക തയാറാക്കും. കടകൾ രാവിലെ ഏഴു മുതൽ ഒരു മണി വരെ ക്രമീകരണങ്ങളോടെ തുറക്കാം. ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണം. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ ഒരോ കേന്ദ്രത്തിലും നിരീക്ഷണത്തിനായി ഉണ്ടാവും സാമൂഹ്യ വ്യാപനം തടയാൻ ജനങ്ങൾ പൂർണമനസോടെ സഹകരിക്കണമെന്നും ചിറ്റയം ഗോപകുമാർ അഭ്യർത്ഥിച്ചു.

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : പത്തനംതിട്ട നഗരസഭഎല്ലാ വാർഡുകളും. തിരുവല്ല നഗരസഭ 28, 33 വാർഡുകൾ. കുളനട ഗ്രാമപഞ്ചായത്ത് വാർഡ് 14. റാന്നി ഗ്രാമപഞ്ചായത്ത് ഒന്ന്, രണ്ട് വാർഡുകൾ. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാർഡ് 13. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് മൂന്ന്, 11 വാർഡുകൾ. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ട്.
ഇതിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 ഉം മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ മൂന്ന്, 11 വാർഡുകളും കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ടും ഇന്നലെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതാണ്.

ഗതാഗത നിയന്ത്രണം

പന്തളം: മാവേലിക്കര താലൂക്കിലെ താമരക്കുളം, നൂറനാട്, പാലമേൽ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും ലാർജ് ക്ലസ്റ്റർ / കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. നൂറനാട് , പാലമേൽ, താമരക്കുളം പഞ്ചായത്തുകളിൽ നിന്ന് പത്തനംതിട്ട, കൊല്ലം ജില്ലകളിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പന്തളം - നൂറനാട് റോഡിൽ തോണ്ടുകണ്ടം ഭാഗം നൂറനാട് പൊലീസ് ടിൻ ഷീറ്റുകൊണ്ട് പൂർണ്ണമായും അടച്ചു. തണ്ടാന്നുവിള - പന്തളം - മാവേലിക്കര റോഡിൽ ഐരാണിക്കുടിയിലും നിയന്ത്രണം ഏർപ്പെടുത്തി.