മല്ലപ്പള്ളി: മല്ലപ്പള്ളി ടൗണിലെ പ്രവർത്തനരഹിതമായ പൊക്കവിളക്ക് നന്നാക്കുവാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു ആവശ്യപ്പെട്ടു. ആന്റോ ആന്റണി എം. പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച പൊക്കവിളക്ക് ഇപ്പോൾ പഞ്ചായത്തിന്റെ അധീനതയിലാണ്. പഞ്ചായത്തിന്റെ ഉദാസീനതയാണ് ഇപ്പോൾ ലൈറ്റ് തെളിയാതിരിക്കുവാൻ കാരണം. വൈകുന്നേരം 7 മണിയാകുമ്പോൾ കടകളടച്ച് കഴിഞ്ഞാൽ പിന്നെ ടൗണും പരിസരവും പൂർണമായും ഇരുട്ടിലാണ്. പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലേയും തെരുവ് വിളക്കുകൾ ഇപ്പോൾ കത്തുന്നില്ല.മറ്റ് പഞ്ചായത്തുകളിൽ നിന്നും വ്യത്യസ്തമായി തെരുവ് വിളക്ക് പരിപാലനത്തിനായി രണ്ടു ജീവനക്കാരും അനുബന്ധ സൗകര്യങ്ങളും ഉണ്ടായിട്ടും പഞ്ചായത്ത് അത് വേണ്ടതു പോലെ വിനിയോഗിക്കുന്നില്ലെന്നും കെ.ജി. സാബു പറഞ്ഞു.