അടൂർ: സെൻട്രൽ ജംഗ്ഷനിൽ അപകടകരമാംവിധം റോഡിലേക്ക് ചാഞ്ഞ് കിടന്ന മരച്ചില്ലകൾ മുറിച്ചുമാറ്റാനുള്ള നഗരസഭയുടെ ശ്രമം തടസപ്പെട്ടതു വഴിയുണ്ടായ നഷ്ടപരിഹാരം തഹസീൽദാറിൽ നിന്നും ഈടാക്കി തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി കളക്ടർക്ക് കത്ത് നൽകും. കളക്ടറുടെ അനുമതിയെ തുടർന്നാണ് ഇതിനുള്ള കരാർ നഗരസഭ നൽകിയത്. ഇതിനെ തുടർന്ന് പത്തിലധികം തൊഴിലാളികൾ ഞാറയാഴ്ച മരച്ചില്ല മുറിച്ചുമാറ്റുന്നതിനിടെ നഗരമദ്ധ്യത്തിലെ പച്ചപ്പ് വെട്ടിനശിപ്പിക്കെന്നെന്ന് ആരോപിച്ച് പ്രതിക്ഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാർ തഹസീൽദാരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തന്റെ അനുമതിയോടെയല്ല മുറിച്ചുമാറ്റുന്നതെന്ന മറുപടിയാണ് നൽകിയത്. ഒടുവിൽ മരംമുറിക്കുന്ന നടപടി പാതിവഴിയിൽ ഉപേക്ഷിച്ച് കരാർ തുകയും വാങ്ങി തൊഴിലാളികളും മടങ്ങി. 20,000 രൂപയ്ക്കാണ് മരച്ചില്ല മറിച്ചു മാറ്റാൻ നഗരസഭ കരാർ നൽകിയത്.ഇതിൽ 16,000 രൂപ തൊഴിലാളികൾ കൈപ്പറ്റുകയും ചെയ്തു ഫലത്തിൽ ഇത്രയും തുക നഗരസഭയ്ക്ക് നഷ്ടമാവുകയാണുണ്ടായത്.ഇതാണ് തഹസീൽദാറിൽ നിന്നും ഈടാക്കി നഗരസഭയ്ക്ക് നൽകണമെന്ന നിലപാട് സ്വീകരിക്കാൻ നഗരസഭയെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ തഹസീൽദാർ നിരുത്തരവാദിത്വപരമായാണ് പെരുമാറിയതെന്ന ആക്ഷേപം നഗരസഭ കൗൺസിലിനുമുണ്ട്.
ശ്രീമൂലം മാർക്കറ്റിൽ നിൽക്കുന്ന മൂന്ന് വട്ടമരങ്ങളും,സെൻട്രൽ മൈതാനിയിലെ മൂന്ന് മരങ്ങളുടേയും ശിഖരങ്ങളും മുറിച്ചു മാറ്റാൻ 2020 ജനുവരി 17ന് ജില്ലാ കളക്ടറുടെ ഉത്തരവിൻ മേൽ ജില്ലാ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ നഗരസഭ സെക്രട്ടറിക്ക് അനുമതി നൽകി കൊണ്ട് കത്തുനൽകി.ഇതിന്റെ പകർപ്പ് അടൂർ തഹസീൽദാറുടെ അറിവിലേക്ക് എന്ന് കാട്ടി താലൂക്ക് ഓഫീസിലേക്കും അയച്ചുകൊടുത്തു. ജില്ലാ ഭരണാധികാരി നൽകിയ ഉത്തരവിനെപറ്റി തനിക്കറിയില്ലെന്ന തഹസീൽദാർ എടുത്ത നിലപാട് എന്ത് അടിസ്ഥാനത്തിലാണെന്നതാണ് ചോദ്യചിഹ്നമാകുന്നത്.
കളക്ട്രേറ്റിൽ നിന്നും ഉത്തരവിന്റെ കോപ്പി അടൂർ തഹസീൽദാർക്ക് അയച്ചുകൊടുത്തതിനാലാണ് ഇതിനായി തഹസീൽദാറെ പിന്നീട് സമീപിക്കാതിരുന്നത്. ഉത്തരവാദിത്വരഹിതമായ നിലപാട് കാരണം 16,000 രൂപയാണ് നഗരസഭയ്ക്ക് നഷ്ടമായത്.
ആർ.കെ.ദീപേഷ്,
(സെക്രട്ടറി, അടൂർ നഗരസഭ)