അടൂർ: കഴിഞ്ഞ 26 ന് വിദേശത്ത് നിന്ന് നാട്ടിലെത്തിയ തെങ്ങമം സ്വദേശികളായ കുടുംബമാണ് ആരോഗ്യവകുപ്പിന്റെ വ്യക്തതയില്ലാത്ത നിലപാട് മൂലം ദുരിതമനുഭവിക്കുന്നത്. നാട്ടിലെത്തിയ ശേഷം കുട്ടികളടങ്ങുന്ന കുടുംബത്തിന് വിമാനത്തിനുള്ളിലും പുറത്തുമായി അഞ്ച് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങാനായത്. സ്വന്തം വീട്ടിൽ ക്വാറന്റൈയിനിൽ കഴിഞ്ഞിരുന്ന കുടുംബത്തെ കഴിഞ്ഞ ആറിനാണ് അടൂർ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. എട്ടിന് വൈകിട്ട് നാല് പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഇവരെ അറിയിക്കുകയും ചെയ്തു.10 ന് ഇവർക്ക് ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റുകളും നൽകി. 11 ന് ഉച്ചയോടെ വീണ്ടും ഇവരെ വിളിച്ച് കുട്ടികളുടേതുൾപ്പെടെ മൂന്ന് പേരുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിയിച്ചു.തുടർന്ന് ഇവരെ ശനിയാഴ്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.നാലും എട്ടും വയസുള്ള കുട്ടികളേയും മാതാവിനെയും ആശുപത്രിയിൽ രോഗബാധിതരായവർക്കൊപ്പമാണ് പാർപ്പിച്ചിരിക്കുന്നത്. പരിശോധനാ ഫലങ്ങൾ നാല് പേരുടേയും നെഗറ്റീവാണെന്ന് അറിയിച്ച ശേഷം ഒരു ദിവസം പിന്നിട്ടപ്പോൾ വീണ്ടും ഫലം പോസീറ്റീവായതെങ്ങനെയെന്ന ആശങ്കയിലാണ് ഈ കുടുംബം.