പത്തനംതിട്ട: കൊവിഡ് പ്രവർത്തനങ്ങൾക്ക് തനത് ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചെലവഴിച്ച് പത്തനംതിട്ട നഗരസഭ. 11 കൊവിഡ് കെയർ സെൻ്ററുകളിൽ മൂന്ന് നേരം 156 പേർക്കാണ് നഗരസഭ ഭക്ഷണം നൽകിവരുന്നത്. മേയ് എട്ടിനാനാണ് ഇതിന് തുടക്കം കുറിച്ചത്.പല ഘട്ടങ്ങളിലായി ക്വാറൻറീൻ പൂർത്തീകരിച്ച 465 പേർക്ക് ഭക്ഷണം നൽകിയിരുന്നു. നഗരസഭ ജീവനക്കാരാണ് ക്വാറൻ്റീൻ സെൻററുകളിൽ ഭക്ഷണം എത്തിക്കുന്നത്.കാതോലിക്കേറ്റ് കോളേജ് ഹോസ്റ്റൽ, ആതുരാശ്രമം,മൗണ്ട് സിയോൺ കോളേജ് ഹോസ്റ്റൽ, കുമ്പഴ ടൂറിസ്റ്റ് ഹോം,പ്രിയ ടൂറിസ്റ്റ് ഹോം,കിഴക്കേടത്ത് ടൂറിസ്റ്റ് എന്നിവിടങ്ങളിലാണ് സൗജന്യ ക്വാറൻ്റീൻ സൗകര്യമുള്ളത്.അബാൻ ആർക്കെയ്ഡ്,ഹിൽസ് പാർക്ക് ഹോട്ടൽ,മണ്ണിൽ റീജൻസി,പാർത്ഥസാരഥി,ശാന്തി ടൂറിസ്റ്റ് ഹോം എന്നിവിടങ്ങളാണ് പെയ്ഡ് ക്വാറൻ്റീൻ ഉള്ളത്.എല്ലായിടത്തും ആഹാരം എത്തിക്കുന്നതിന് ഇതിനകം അഞ്ച് ലക്ഷം രൂപ ചെലവായി.ചില സെൻററുകളിൽ ബഡ്,ബഡ്ഷീറ്റ്,ബക്കറ്റ് എന്നിവ ലഭ്യമാക്കുന്നതിന് രണ്ട് ലക്ഷം ചെലവായി. കൊവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററാക്കുന്നതിന് ഏറ്റെടുത്ത ജിയോ ആശുപത്രിയുടെ അറ്റകുറ്റപ്പണികൾക്കായി അഞ്ച് ലക്ഷം ചെലവായി.ലോക്ക് ഡൗൺ കാലത്ത് 220 ഓളം ആളുകൾക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണവും നൽകിയിരുന്നു.ഇതിന് സ്പോൺസർഷിപ്പിലൂടെ സഹായം ലഭിച്ചിരുന്നു. ആശുപത്രി ജീവനക്കാർക്കുള്ള ക്വാറന്റൈൻ സൗകര്യവും നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.ക്വാറൻ്റീൻ സൗകര്യങ്ങൾക്ക് നിലവിലെ സെൻ്ററുകൾ അപര്യാപ്തമായതിനാൽ മുസ്ലിയാർ എൻജിനിയറിംഗ് കോളേജ് തയാറാക്കിയിട്ടുണ്ട്.
ജനറൽ ആശുപത്രിയിലെ ഭക്ഷണ പ്രശ്നം അറിയിച്ചിട്ടില്ല
ജനറൽ ആശുപത്രിയിലെ ഭക്ഷണ പ്രശ്നം നഗരസഭയെ അറിയിച്ചിട്ടില്ലെന്ന് ചെയർപേഴ്സൺ റോസ്ളിൻ സന്തോഷ്. നേരത്തെ നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഇഡലിയും സാമ്പാറും അടങ്ങിയ പാക്കറ്റ് 40രൂപയ്ക്ക് വിതരണം ചെയ്തുവെന്ന പ്രചരണം തെറ്റാണ്.സൗജന്യമായാണ് ഭക്ഷണം നൽകിയിരുന്നത്.ജൂലൈയ് ഒന്നു മുതൽ പെയ്ഡ് ക്വറന്റൈൻ കേന്ദ്രങ്ങൾക്ക് ഭക്ഷണം എത്തിക്കാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ജനറൽ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യാൻ അനുവാദമില്ല.സമയത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന് ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുന്നവർ കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു.
-11 കൊവിഡ് കെയർ സെൻ്ററുകളിൽ മൂന്ന് നേരം 156 പേർക്ക് ഭക്ഷണം
-ക്വാറൻറീൻ പൂർത്തീകരിച്ച 465 പേർക്ക് ഭക്ഷണം നൽകിയിരുന്നു
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നിർദ്ദേശിച്ച കാര്യങ്ങളെല്ലാം നഗരസഭ ചെയ്തിട്ടുണ്ട്
റോസ്ലിൻ സന്തോഷ്
(നഗരസഭ അദ്ധ്യക്ഷ)