തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ തകർച്ചയിലായ റോഡുകൾ സഞ്ചാരയോഗ്യമാക്കി വികസിപ്പിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും 43.35 ലക്ഷം രൂപ അനുവദിച്ചു.ബ്രഹ്മികുളം - കുട്ടക്കാട് റോഡ് (12.8 ലക്ഷം രൂപ), ചിറയിൽ കണ്ടത്തിൽപടി - പീടികച്ചിറ റോഡ് (14.55 ലക്ഷം രൂപ), മാടമ്പിപടി - അമ്പലത്തറ റോഡ് (16 ലക്ഷം രൂപ ) എന്നീ മൂന്ന് പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. പെരിങ്ങര പഞ്ചായത്തിലെ 14-ാം വാർഡിലെ ബ്രഹ്മികുളം - കുട്ടക്കാട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. ഈ പ്രദേശത്തുള്ള പത്തോളം കുടുംബങ്ങൾക്ക് ഈ റോഡിലൂടെ ആറ് മാസക്കാലം മാത്രമേ വഴി നടക്കുവാൻ സാധിക്കുകയുള്ളു.ബാക്കിയുള്ള ആറുമാസക്കാലം ഈ റോഡ് വെള്ളത്തിൽ മുങ്ങി കിടക്കുന്നതിനാൽ നാട്ടുകാർ ദുരിതത്തിലായിരുന്നു. റോഡ് സംരക്ഷണഭിത്തി കെട്ടി ഉയർത്തുന്നതോടെ ഇവരുടെ യാത്ര സുഗമമാകും. 25 ഓളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന 14-ാം വാർഡിലെ ചിറയിൽ കണ്ടത്തിൽപടി - പീടികച്ചിറ റോഡ് നിർമ്മാണത്തിനായി 14.55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.11-ാം വാർഡിലെ വെള്ളക്കെട്ട് അനുഭവപ്പെടുന്ന മാടമ്പിപടി - അമ്പലത്തറ റോഡ് ഉയർത്തി ഗതാഗതയോഗ്യമാക്കുന്നതിന് 16 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 35 ഓളം കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴിയാണിത്.എൽ.എസ്.ജി.ഡി എൻജിനീയറിംഗ് വിഭാഗത്തിനാണ് റോഡുകളുടെ നിർമ്മാണചുമതല.