14-revenue-tower-crowd
കോവിഡ് പ്രതിരോധ നിർദ്ദേശം ലംഘിച്ച് സർക്കാർ സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നവർ.

ചെങ്ങന്നൂർ: സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ചെങ്ങന്നൂരിലെ റവന്യൂ ടവറിൽ കൊവിഡ് നിയന്ത്രണങ്ങളിലെ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല.ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന ആർ.ടി.ഒ ഓഫീസ്, സപ്ലെ ഓഫീസ് എന്നീ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭാഗത്താണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്.രണ്ട് ഓഫീസുകളുടെയും വാതിലുകൾ അടച്ച് ആരെയും അകത്തു കടത്താതെ ജീവനക്കാർ സുരക്ഷിതരായി ജോലി ചെയ്യുന്നു.രണ്ട് സ്ഥാപനങ്ങൾക്കും ഇടയിൽ വീതി കുറഞ്ഞ ഇടനാഴിയിൽ ഓഫീസിലെത്തുന്നവർ ഫീസ് അടക്കാനും പരാതി നൽകാനും തിക്കിതിരക്കി നിൽക്കുന്ന സ്ഥിതിയാണ് കണ്ടു വരുന്നത്.ഇവിടെ രണ്ട് മീറ്റർ അകലങ്ങളിൽ രേഖകളോ അടയാളങ്ങളോ ഇല്ലാത്തത് ആളുകൾ കൂട്ടം കൂടാൻ പ്രധാനകാരണമാകുന്നു. അടിയന്തരമായി സാമൂഹിക അകലം പാലിക്കേണ്ട വിധം
രേഖകൾ വരയ്ക്കുകയോ ഇവിടെ എത്തുന്നവരെ നിർദ്ദേശിച്ചിട്ടുള്ള അകലം പാലിക്കാൻ ജീവനക്കാരെ ഏർപ്പെടുത്തകയോ ചെയ്യേണ്ടതാണ്. സെക്യൂരിറ്റി ജീവനക്കാർ ഉണ്ടങ്കിലും അവർ ഇത്തരം കാര്യങ്ങളിൽ ഇടപെടാറില്ല.ചെങ്ങന്നൂരിലെ വിവിധ സർക്കാർ അർദ്ധ സർക്കാർ ഓഫീസുകളിലെയും സ്ഥിതി ഇതുതന്നെയാണ്.പക്ഷേ ഇവിടങ്ങളിലെല്ലാം ഓഫീസിനുള്ളിൽ ഇരിക്കുന്ന ജീവനക്കാർ പൂർണമായും സുരക്ഷിതരാണ്.ശാസ്താംപുറം മാർക്കറ്റിൽ ബുധൻ,ശനി ദിവസങ്ങളിൽ സ്ഥിതി വളരെ ഗുരുതരമാണ്.മാസ്‌ക് ശരിയായി ധരിക്കാതെയാണ് മിക്കവരും ഇവിടെ എത്തുക. നഗരത്തിൽചെറുതും വലുതുമായ മിക്ക കടകളിലും നല്ല തിരക്കാണ്.ചിലയിടങ്ങളിൽ ബക്കറ്റും കപ്പും മാത്രമേയുള്ളു വെള്ളമില്ല. നിരുത്തരവാദപരമായി അധികൃതരുടെയും സ്വകാര്യ സ്ഥാപന ഉടമകളുടെയും പെരുമാറ്റം വലിയ ആപത്ത് വിളിച്ചു വരുത്തും.