പത്തനംതിട്ട: കൊവിഡ് ബാധയുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോകോൾ ലംഘിച്ചുകൊണ്ട് സമരം നടത്തിയാൽ കർശനമായ നിയമനടപടി കൈക്കൊള്ളുമെന്ന് ജില്ലാപൊലീസ് മേധാവി കെ.ജി സൈമൺ അറിയിച്ചു. കൊവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാൻ പണിപ്പെടുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ അനുസരിക്കാൻ ഏവരും ബാധ്യസ്ഥരാണ്.
കൊവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ സമരങ്ങളും പ്രകടനങ്ങളും നടത്താവൂ എന്നുകാണിച്ച് നോട്ടീസ് നൽകിയാലും, പലപ്പോഴും അതു പാലിക്കപ്പെട്ടു കാണുന്നില്ല. സമരക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണം ഉറപ്പാക്കുക എന്നത് അനിവാര്യമാണ്. സമരക്കാർ സാമൂഹിക അകലം പാലിക്കാതെയും നിയന്ത്രണങ്ങൾ ലംഘിച്ചും പൊതുനിരത്തുകളിൽ ഇറങ്ങി പ്രകടനങ്ങളും മറ്റും നടത്തുന്നതു കാരണമുണ്ടാകുന്ന വീഴ്ചമൂലം പാെലീസ് ഉദ്യോഗസ്ഥർക്കു രോഗബാധയുണ്ടായാൽ, ഡ്യൂട്ടി തടസപ്പെടുത്തുന്നതിനു സാധാരണ കേസെടുക്കുന്ന സമയങ്ങളിൽ കുറ്റകൃത്യങ്ങൾക്കെതിരെ ഇടുന്ന വകുപ്പുകൾക്കുപുറമെ മറ്റു ഐ.പി. സി വകുപ്പുകളും ചേർത്ത് കേസ് രജിസ്റ്റർ ചെയ്യും.
ഇതുസംബന്ധിച്ച്, സമരങ്ങൾ ആഹ്വാനം ചെയ്യുന്ന നേതൃത്വത്തിന് നോട്ടീസ് നൽകാൻ ജില്ലയിലെ എസ്.എച്ച് ഒമാർക്കു നിർദേശം നൽകിയതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.
1. കോവിഡ് ബാധ സമ്പർക്കത്തിലൂടെ പടർന്നുപിടിക്കുകയോ മറ്റു അനിഷ്ടസംഭവങ്ങളുണ്ടാവുകയോ ചെയ്യുന്നപക്ഷം നോട്ടീസ് കൈപ്പറ്റുന്ന നേതൃത്വവും, സമരങ്ങളിൽ പങ്കെടുക്കുന്ന അണികളും ഉത്തരവാദികളികളായിരിക്കും.
2. ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കണ്ടെയ്ൻമെന്റ് സോണുകൾ വ്യാപിക്കാനുള്ള സാദ്ധ്യത ഉൾക്കൊണ്ട് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
3. കണ്ടെയ്ൻമെന്റ് മേഖലകളിലും ഹോട്ട്സ്‌പോട്ടുകളിലും നിലവിലെ നിയന്ത്രണങ്ങൾ ആളുകൾ നിർബന്ധമായും പാലിക്കണം. സമ്പർക്കത്തിലൂടെ രോഗം പകരുന്നതിന്റെ ഗൗരവം മനസിലാക്കി യാത്രകൾ ഒഴിവാക്കണം.
ക്വാറന്റൈയിൻ ലംഘനങ്ങൾക്കെതിരെ നടപടികൾ
ക്വാറന്റൈയിൻ ലംഘനത്തിന് ഇന്നലെ ജില്ലയിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. അടൂർ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 111 പേർക്ക് നോട്ടീസ് നൽകി. ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് 15 കേസുകളിലായി 18 പേരെ അറസ്റ്റ് ചെയ്തു.