കോന്നി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തോട് ചേർന്ന് കിടക്കുന്ന കോന്നി ഗ്രാമപഞ്ചായത്തിൽ കനത്ത ജാഗ്രത. പഞ്ചായത്തിലെ നിരവധി ആളുകൾ കൊവിഡ് ബാധിച്ച് ഇപ്പോൾ പത്തനംതിട്ട, കോഴഞ്ചേരി ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിന് പുറമെ വീടുകളിലും ക്വാറന്റയിൻ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലും കഴിയുന്നു. കഴിഞ്ഞ ദിവസം കോന്നി ജോയിന്റ് ആർ.ടി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉൾപ്പടെ നിരവധി ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിലാണ്.
പത്തനംതിട്ടയിലെ മദ്യവില്പന ശാലകൾ അടച്ചതിനെ തുടർന്ന് കോന്നിയിലെ ബാറിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്, സാമൂഹ്യ അകലവും സുരക്ഷാ മാനദണ്ഡങ്ങളും ഇവിടെ പാലിക്കപ്പെടുന്നില്ല.
സമൂഹ വ്യാപനം മുന്നിൽ കണ്ട് പൊലീസും ഗ്രാപഞ്ചായത്തും ആരോഗ്യ വകുപ്പും നിരന്തരം വാഹനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകുന്നു. പത്തനംതിട്ട നഗരത്തിൽ നിന്ന് കോന്നിയിൽ എത്തുന്ന ചില വഴിയോര മത്സ്യ വ്യാപാരികൾക്കും പഴം, പച്ചക്കറി കച്ചവടക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. കോന്നി നിവാസികൾ വിവിധ ആവശ്യങ്ങൾക്ക് ലോക്ക് ഡൗണിന് മുമ്പ് വരെ പത്തനംതിട്ട നഗരവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സമൂഹവ്യാപനമുണ്ടായ പത്തനംതിട്ട നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഒറ്റതിരിഞ്ഞും കൂട്ടമായും കോന്നിയിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നതും ആശങ്ക ഉയർത്തുന്നുണ്ട്.