അടൂർ : താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപനം തുടരുമ്പോഴും അടൂരിലെ ജനങ്ങൾക്ക് യാതൊരു ഭീതിയുമില്ല. എവിടെ തിരിഞ്ഞാലും തിരിക്കോട് തിരക്ക് തന്നെ.സാമൂഹ്യ അകലം പാലിക്കണമെന്ന പൊലീസിന്റെയും ആരോഗ്യ വകുപ്പ് അധികൃതരുടേയും നിർദ്ദേശത്തിന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ കൈകഴുകുന്നതിനുള്ള സൗകര്യവും സാനിട്ടൈസറും വച്ചിട്ടുണ്ടെങ്കിലും ഇതൊന്നും 90 ശതമാനം ആളുകൾ പോലും ഉപയോഗിക്കുന്നില്ല. അടൂർ നഗരഹൃദയത്തിലെ ഒരു വസ്ത്രവ്യാപാര ശാലയിലേക്ക് കണ്ണോടിച്ചാൽ കാണാൻ കഴിയുന്നത് എപ്പോഴും നിറയെ ആളുകളെയാണ്. നിയന്ത്രിതമായേ ആളുകളെ കയറ്റിവിടാവൂ എന്ന നിർദ്ദേശം ഉണ്ടെങ്കിലും ഇതൊന്നും ആരും പാലിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, ബന്ധപ്പെട്ട അധികാരികൾപോലും ഇതൊന്നും കണ്ടില്ലെന്ന മട്ടാണ്. സാമൂഹ്യ അകലം പാലിക്കാതെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കാണെണമെങ്കിൽ പറക്കോട് എസ്.ബി. ഐ ശാഖയ്ക്ക് മുന്നിലെത്തിയാൽ മതി.ബാങ്കിനുള്ളിലേക്ക് നിയന്ത്രിയമായാണ് ഇപാടുകാരെ കയറ്റിവിടുന്നത്. എന്നാൽ തങ്ങളുടെ ഊഴം കാത്തുനിൽക്കുന്നവർ യാതൊരു സാമൂഹ്യ അകലവും പാലിക്കാതെ കൂട്ടംകൂടി നിൽക്കുന്ന കാഴ്ച ഏറെ ഭയപ്പാട് സൃഷ്ടിക്കുന്നാണ്. പ്രത്യേകിച്ചും തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ചരക്കുവണ്ടികൾ എത്തുന്ന ഇടമാണ് പറക്കോട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ ചിലനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ജനങ്ങൾ ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന കാഴ്ചപ്പാടിലാണ്. ഇതേ അവസ്ഥയാണ് പലയിടങ്ങളിലും.

ഭീതി പരത്തുന്നത്.

താലൂക്കിലെ പ്രധാന ഇടങ്ങളിലൊന്നായ കൊടുമണ്ണിൽ മീൻ വ്യാപാരം നടത്തിവന്ന പത്തനംതിട്ട കലുശേഖരപ്പേട്ട സ്വദേശിയായ മീൻ വ്യാപാരി ഇയാൾ തന്നെമീൻ എത്തിച്ചുകൊടുക്കുന്ന തട്ട തോലുഴം സ്വദേശിയായ മീൻ വ്യാപാരിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിന് പുറമേ ചിരണിക്കലുള്ള മറ്റൊരുമീൻ വ്യാപാരിയും നിരീക്ഷണത്തിലാണ്. തുമ്പമണ്ണിൽ പച്ചക്കറി വ്യാപാരം നടത്തിയ വ്യാപാരിക്കും കൊവിഡ് സ്ഥിരീകരിച്ചു.

പൊതുജനത്തിന്റെ ജാഗ്രതയില്ലായ്മ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗം പടരാൻ അധിക സമയമൊന്നും വേണ്ട, എന്നാൽ അതിനെ മറികടക്കാൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഒരു നിമിഷം ചിന്തിച്ചാൽ മാത്രംമതി സ്വയം ജാഗ്രതയിലാകാൻ.

ഡോ. പ്രശാന്ത്,

സൂപ്രണ്ട് ഇൻ -ചാർജ്ജ്,

അടൂർ ജനറൽ ആശുപത്രി.