തിരുവല്ല: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ ജനങ്ങൾ ഭീതിയിലായി. കഴിഞ്ഞദിവസങ്ങളിൽ ആശുപത്രികളുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് രോഗവ്യാപനം ഉണ്ടായതോടെ കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്. നിലവിൽ കണ്ടെയിൻമെൻറ് സോണായ നഗരസഭയുടെ 28, 33 വാർഡുകൾക്ക് പിന്നാലെ 14, 19, 20 വാർഡുകൾ കൂടി കണ്ടെയിൻമെൻറ് സോണാകും. കൂടുതൽപേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആന്റിജൻ പരിശോധനങ്ങൾ നടത്താൻ നടപടി തുടങ്ങി. താലൂക്ക് ആശുപത്രിയിലെ ഒരു കിയോസ്‌ക്കിൽ മാത്രമാണ് സാമ്പിൾ ശേഖരണം നടക്കുന്നത്.
തുകലശ്ശേരി കന്യാസ്ത്രീമഠം അടച്ചു
മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തുകലശ്ശേരി ഹോളി സ്പിരിറ്റ് കോൺവെന്റ് അടച്ചു. 35 കന്യാസ്ത്രീകളും അഞ്ചു ജോലിക്കാരും ഉൾപ്പെടെ നാൽപ്പതോളം പേരാണ് ഈ മഠത്തിൽ താമസിക്കുന്നത്. ഇവിടെ താമസിച്ചിരുന്ന സ്വകാര്യ മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സായ യുവതിക്ക് കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മഠത്തിലെ രണ്ടുപേർക്ക് കൂടി രോഗമുള്ളതായി കണ്ടെത്തി. ഇവർ രണ്ടുപേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. ഒരാൾ സൈക്യാട്രി വാർഡിലെ കൗൺസിലറും മറ്റേയാൾ കമ്യൂണിറ്റി സർവീസിലും ജോലിചെയ്യുന്നു. കൊവിഡ് ബാധിതരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ 52 പേരുണ്ട്. ആശുപത്രി ഉൾപ്പെടുന്ന നഗരസഭയിലെ 14, 19, 20 വാർഡുകൾ കണ്ടൈൻമെൻറ് സോണാക്കാനുള്ള നീക്കം തുടങ്ങി. മഠത്തിൽ താമസിച്ചിരുന്ന കൂടുതൽ പേർ രോഗലക്ഷണങ്ങൾ കാണിച്ചതോടെ എല്ലാവരുടെയും സാമ്പിളുകൾ ഇന്ന് ശേഖരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ആശുപത്രി കാന്റീനിലെ ജീവനക്കാരനും കൊവിഡ്
പരുമലയിലെ സ്വകാര്യ ആശുപത്രിയുടെ കാന്റീനിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ യുവാവിനെ റാന്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾക്ക് രോഗം കണ്ടെത്തിയത്. സമ്പർക്കപട്ടിക ആരോഗ്യ വകുപ്പ് തയ്യറാക്കി വരികയാണ്. രോഗികൾ ഉണ്ടോയെന്നും ആശങ്കയുണ്ട്. ആശുപത്രി കാന്റീനിലെ സ്റ്റോറിന്റെ ചുമതലക്കാരനാണെന്നാണ് ആരോഗ്യ വകുപ്പിന് നൽകിയിരിക്കുന്ന വിവരം. എന്നാൽ ഈ യുവാവ് ആശുപത്രി കാന്റീനിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന ആളാണെന്നും കാന്റീനിൽ ജോലി ചെയ്തതായും ഉയർന്ന വിവരത്തെത്തുടർന്ന് ആരോഗ്യവിഭാഗം കൂടുതൽ അന്വേഷണം നടത്തുകയാണ്. കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെടുമോ എന്ന സംശയവുമുണ്ട്.