ആലപ്പുുഴ: ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് പഞ്ചായത്തിലെ വാർഡ് നമ്പർ നാലിൽ ഒരു വീട്ടിലെ തന്നെ രണ്ടുപേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാൻ , രോഗ ബാധ ഉണ്ടായിരുന്ന ആളുമായി സമ്പർക്കത്തിലേർപ്പെട്ടവർ, സ്ഥലങ്ങൾ എന്നിവയിലൂടെ രോഗ വ്യാപനം ഉണ്ടാകുന്നത് തടയുന്നതിന് ചെറിയനാട് പഞ്ചായത്തിലെ വാർഡ് നമ്പർ 4ൽ രോഗബാധ സ്ഥിരീകരിച്ച വീടിൻെര 100 മീറ്റർ ചുറ്റളവിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ കൺടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടർ എ.അലക്‌സാണ്ടർ ഉത്തരവായി. ഈ വാർഡിലെ അരോഗ്യ ജാഗ്രതാ സമിതികൾ കൂടി നിയന്ത്രണം വരുത്തേണ്ട പ്രദേശങ്ങൾ തീരുമാനിച്ച് ജില്ല കളക്ടറെ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.

ആവശ്യ വസ്തുക്കൾക്ക് മാത്രം ഇളവ്........

അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. അവശ്യ / ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് മാത്രം രാവിലെ എട്ട് മുതൽ 11വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക് (പി.ഡി.എസ്.) രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. മറ്റ് സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടം കൂടാൻ പാടില്ല. പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പിന്റ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണവും ശക്തമാക്കേണ്ടതാണ്. ഈ വാർഡുകളിൽ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം പൊലീസ് ,വാർഡ് ആർ ആർ.ടികളുടെ സേവനം നേടാവുന്നതാണ്.പ്രദേശങ്ങളിലെ ആരാധാനാലയങ്ങൾ തുറക്കാൻ പാടില്ല.വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാം. കൊവിഡ് 19 രോഗനിർവ്യാപന പ്രവർത്തനവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം. പൊലീസ്,ട്രഷറി,പെട്രോളിയം,എൽ.പി.ജി.പോസ്റ്റോഫീസുകൾ എന്നിവയ്ക്കും നിയന്ത്രണമാന ദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐ.പി.സി. സെക്ഷൻ 188,269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.