മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വാഹനമോഷ്ടാക്കൾ വിലസുന്നു. മടുക്കോലിയിലും പരിസരപ്രദേശങ്ങളിലും തന്നെയായി മൂന്ന് ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞിടെ മോഷണം പോയത്.മടുക്കോലിയിൽ പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പിൽ നിന്നും നെടുംപള്ളിൽ സാബു സക്കറിയയുടെയും, രാമനോലിയ്ക്കൽ തോംസൺതോമസിന്റെയും ഇരുചക്രവാഹനങ്ങളാണ്‌ മോഷണം പോയത്. മേത്രയിൽ വർഗീസിന്റെ മാരുതി കാറും, മേക്കരിങ്ങാട്ട് ബാബുവിന്റെഗേറ്റ് തകർത്ത് കാർമോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു.ഇതിനിടയിൽ മോഷ്ടാക്കളുടെ മൊബൈൽഫോണും ചെരുപ്പും വീട്ടുകാർക്ക് ലഭിച്ചതു വെച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുക്കൂർ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടിയിരുന്നു.അരീയ്ക്കൽ സ്വദേശി ശ്യാമിന്റെ ഓട്ടോറിക്ഷ മോഷ്ടിച്ചു കൊണ്ടുപോയെങ്കിലും വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ രാത്രിയിലും മടുക്കോലി രാമനോലിയ്ക്കൽ സജിയുടെ വീട്ടിൽമോഷണ ശ്രമം നടത്തിയെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ ശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു.പൊലീസ് ഈ പ്രദേശങ്ങളിൽ നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.