പത്തനംതിട്ട: കൊവിഡ് 19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതിയ 13 കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. തിരുവല്ല നഗരസഭയിലെ വാർഡ് 14 (പുഷ്പഗിരി) , അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട്, കൊടുമൺ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, 13, 17, നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴ്, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന്, ചെറുകോൽ ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട്, 12, 13, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, കടപ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, ഒൻപത് (പരുമല) എന്നീ സ്ഥലങ്ങൾ 14 മുതൽ ഏഴ് ദിവസത്തേക്കാണ് കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പി.ബി.നൂഹ് പ്രഖ്യാപിച്ചത്.
രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർ
സ്വയം മുന്നോട്ടുവരണം : ജില്ലാ മെഡിക്കൽ ഓഫീസർ
പത്തനംതിട്ട: കൊവിഡ് 19 സമൂഹവ്യാപനം തടയുന്നതിന് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർ ക്വാറന്റൈനിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ.ഷീജ അറിയിച്ചു. ഏതെങ്കിലും സാഹചര്യത്തിൽ ഇപ്രകാരം സമ്പർക്കം ഉണ്ടായതായി ബോധ്യമുള്ളവർ സ്വയം മുന്നോട്ടുവന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. അതത് പഞ്ചായത്തിലുള്ള ആരോഗ്യ പ്രവർത്തകരെയോ, കൺട്രോൾ നമ്പരിൽ അറിയിക്കുകയോ ചെയ്താൽ മതിയാകും. കൊവിഡ് വ്യാപനത്തിൽ കണ്ണികളാവുകയില്ല എന്ന് ഓരോരുത്തരും തീരുമാനമെടുക്കണം. ക്വാറന്റൈനിൽ കഴിയുന്നവർ കുടുംബാംഗങ്ങളെ മാത്രമല്ല, സമൂഹത്തെയും രോഗവ്യാപനത്തിൽ നിന്നും പ്രതിരോധിക്കുകയാണ് ചെയ്യുന്നത്. കൺട്രോൾ റൂം ഫോൺ നമ്പരുകൾ : 0468 2228220, 9188294118, 8281413458.