തിരുവല്ല: കണ്ടെയ്‌ൻമെൻറ് സോൺ കാലാവധി തീരുന്നതനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാമപുരം മാർക്കറ്റും കടകളും ഇന്നുമുതൽ തുറക്കുവാൻ നഗരസഭാ അനുമതി നൽകി. ഒരാഴ്ച പിന്നിട്ടതോടെ നഗരസഭയിലെ 28, 33 വാർഡുകൾ കണ്ടൈൻമെൻറ് മേഖലയിൽ നിന്നൊഴിവാക്കി. തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്നായിരുന്നു ചന്തയും സമീപത്തെ കടകളും അടപ്പിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 24 പേരുടെ സാമ്പിൾ ശേഖരിച്ചു പരിശോധിച്ചെങ്കിലും ഫലമറിഞ്ഞ 22 പേർക്കും നെഗറ്റിവായി. രണ്ടുപേരുടെ ഫലംകൂടി കിട്ടാനുണ്ട്. ഇന്നുമുതൽ കടകൾ രാവിലെ 7 മുതൽ വൈകിട്ട് അഞ്ചുവരെ തുറന്നു പ്രവർത്തിക്കും. കടകളിൽ സാമൂഹിക അകലം നിർബന്ധമായി പാലിക്കുകയും സാനിട്ടൈസർ, കൈകഴുകാൻ സൗകര്യം എന്നിവ ഏർപ്പെടുത്തണം. കടകളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പരും രേഖപ്പെടുത്തി കടയുടമ സൂക്ഷിക്കണം. അന്യസംസ്ഥാനത്ത് നിന്നെത്തുന്ന ചരക്ക് വാഹനങ്ങൾ അണുനശീകരണം നടത്തി മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിക്കാവൂ. രാമപുരം മാർക്കറ്റിലേക്ക് വാഹന പ്രവേശനം നിരോധിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടിയെടുക്കാനും നഗരസഭാ ചെയർമാൻ ആർ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി. മാത്യു ടി.തോമസ് എം.എൽ.എ, ഡിവൈ.എസ്.പി ടി.രാജപ്പൻ, ഡോ. മാമ്മൻ ഫിലിപ്പ്, ഡോ.രേവതി, റവന്യു, ആരോഗ്യവകുപ്പ് ജീവനക്കാർ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.