bed

പത്തനംതിട്ട: ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് രോഗികൾക്കായി പ്രത്യേകം കിടക്കകൾ ഒരുക്കും. ഒരു പഞ്ചായത്തിൽ നൂറ് കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ടെത്തണമെന്നാണ് സർക്കാർ നിർദേശം. ഇതിനായി എം.എൽ.എമാരുടെ നേതൃത്വത്തിൽ മണ്ഡല അടിസ്ഥാനത്തിൽ ഇന്നും നാളെയും യോഗം ചേരും. കണ്ടെത്തുന്ന ഫസ്റ്റ് ലൈൻ ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ ജനപ്രതിനിധികളും കളക്ടറും നേരിട്ട് കണ്ട് വിലയിരുത്തി ഏഴു ദിവസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അവലോകന യോഗത്തിൽ മന്ത്രി കെ.രാജു പറഞ്ഞു.

ആളുകൾ കൂടുന്ന സ്ഥലങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റാൻഡം ടെസ്റ്റ് നടത്തണമെന്നും റാൻഡം ടെസ്റ്റിന്റെ എണ്ണം വർദ്ധിപ്പിക്കണമെന്നും ആന്റോ ആന്റണി എം.പി ആവശ്യപ്പെട്ടു. ആരോഗ്യ പ്രവർത്തകർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ഒരുക്കണമെന്നും മത്സ്യ ചന്തകളിൽ പൊലീസിന്റെ സഹായത്തോടെ പരിശോധന വർദ്ധിപ്പിക്കണമെന്നും മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. കൊവിഡ് കെയർ സെന്ററുകളായി ഹോട്ടൽ, ലോഡ്ജ് എന്നിവ വിട്ടു തന്ന ഉടമസ്ഥർക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. അവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നതിനുള്ള തീരുമാനം ഉണ്ടാവണമെന്ന് രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. കൊവിഡ് ഭീതിയിലാണ് പന്തളത്തെ ജനങ്ങളെന്നും പന്തളത്ത് അടിയന്തരമായി റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ചിറ്റയം ഗോപകുമാർ എം.എൽഎ ആവശ്യപ്പെട്ടു. ഫീൽഡിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർക്ക് ട്രിപ്പിൾ ലെയർ മസ്‌ക്, ഫേയ്‌സ് ഷീൽഡ് എന്നിവ നൽകണം.

നഗരസഭാ പ്രദേശങ്ങളിൽ ആശങ്ക നിലനിൽക്കുന്നതിനാൽ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം. കൊവിഡ് കെയർ സെന്ററുകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് വീണാ ജോർജ് എം.എൽ.എ പറഞ്ഞു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പി.ബി.നൂഹ്, എ.ഡി.എം അലക്‌സ്.പി.തോമസ്, ഡി.എം.ഒ. ഡോ.എ.എൽ.ഷീജ, എൻ.എച്ച്.എം. ഡി.പി.എം ഡോ. എബി.സുഷൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.