പത്തനംതിട്ട: ഇന്നലെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് കണ്ട് ആശ്വസിക്കേണ്ട. പത്തനംതിട്ടയിൽ നിന്ന് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം കുറച്ചു മാത്രം ലഭിച്ചതുകൊണ്ടാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി താഴ്ന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ജില്ലയിൽ നിന്നുള്ള 1486 പേരുടെ ഫലങ്ങളാണ് കിട്ടാനുള്ളത്. ഇതിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഒട്ടേറെയുണ്ടാകുമെന്നാണ് കരുതുന്നത്. അവരുടെ ചികിത്സയ്ക്കും സമ്പർക്ക പട്ടികയിലുള്ളവരെ നിരീക്ഷിക്കാനും ആശുപത്രികളിലും കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ട്. എല്ലാ പഞ്ചായത്തുകളും നൂറ് കിടക്കകൾ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി കണ്ടെത്തണമെന്ന് സർക്കാർ നിർദേശമുണ്ട്.
ജില്ലയിൽ ഇന്നലെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി ആരെയും കണ്ടെത്തിയിട്ടില്ല. ഒമാൻ, സൗദി, ഡൽഹി എന്നിവിങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ആകെ 584 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 86 ആണ്.
ഇന്നലെ 19 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവർ 316 ആണ്. 48 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു
@ ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1) ഓമാനിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ 65 വയസുകാരൻ.
2) സൗദിയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിനിയായ ഒരു വയസുകാരി.
3) ഡൽഹിയിൽ നിന്നെത്തിയ പ്രമാടം സ്വദേശിയായ 31 വയസുകാരൻ.