പത്തനംതിട്ട :സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി അടുത്തബന്ധം സൂക്ഷിക്കുന്ന മുൻ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ മുഖ്യമന്ത്രി ഇപ്പോഴും സംരക്ഷിക്കുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നവെന്ന് ഡി.സി. സി പ്രസിഡന്റ് ബാബുജോർജ്ജ് ആരോപിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ട രാജ്യാന്തര സ്വർണ്ണക്കടത്ത് എൻ. ഐ. എയോടൊപ്പം സിബിഐയും,റോയും അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടും കെ.പി. സി.സി ആഹ്വാനമനുസരിച്ച് തിരുവല്ലയിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . തിരുവല്ല നിയോജകമണ്ഡലം പ്രസിഡന്റ് ആർ. ജയകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഉമ്മൻ അലക്സാണ്ടർ, അഡ്വ. സതീഷ് ചാത്തങ്കരി ,അഡ്വ.സോജി മെഴുവേലി ,ജേക്കബ്ബ് പി. ചെറിയാൻ എന്നിവർ സംസാരിച്ചു. .കോഴഞ്ചേരിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ. ശിവദാസൻനായരും, അടൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധുവും, മല്ലപ്പള്ളിയിൽ കെ.പി.സി.സി അംഗം സതീഷ് കൊച്ചുപറമ്പിലും, റാന്നിയിൽ കെ.പി.സി.സി അംഗം മാലേത്ത് സരളാദേവിയും,കോന്നിയിൽ കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കലും താലുക്ക് തല പ്രതിഷേധ ധർണകൾ ഉദ്ഘാടനം ചെയ്തു.