ഇളമണ്ണൂർ: കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ കേബിൾ ടി.വി ഓപ്പറേറ്റർമാർ.കേബിൾ ടി.വി ശ്യംഖലകൾ സ്ഥാപിക്കുവാൻ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റുകളുടെ വാടക അടിക്കടി വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഓപ്പറേറ്റർമാരെ സമ്മർദ്ധത്തിലാക്കുന്നതിനിടെയാണ് കൊവിഡിനെ തുടർന്ന് നിയന്ത്രണങ്ങൾ വന്നതും സാധാരണ പൊതുജനങ്ങളിൽ പലർക്കും ജോലി നഷ്ടമായതും. ഇതോടെ മാസ വരിസംഖ്യ കൃത്യമായി പിരിച്ചെടുക്കാനാകാതെ ഓപ്പറേറ്റർമാർ വട്ടം കറങ്ങുകയാണ്. മറ്റ് സംരഭങ്ങൾക്ക് കൈ അയച്ച് സഹായിക്കുന്ന സർക്കാർ കേബിൾ ടി.വി മേഖലയെ പാടെ അവഗണിക്കുന്ന സ്ഥിതിയാണ്. വൈദ്യുതി പോസ്റ്റുകൾ ഉപയോഗിക്കുന്നതിനുള്ള വാടക 1998ൽ ഒരു പോസ്റ്റിന് 17 രൂപ മാത്രമായിരുന്നെങ്കിൽ 2020ൽ ഇത് 380 രൂപയായി ഉയർന്നു. ഇതിനെതിരെ നിരവധി സമര പരിപാടികൾ ഓപ്പറേറ്റർമാരുടെ വിവിധ സംഘടനകളുടെ പേരിൽ അരങ്ങേറിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതിനിടെയാണ് ഇടിത്തീ പോലെ കൊവിഡിന്റെ രംഗപ്രവേശനം. മറ്റൊരു പ്രധാന പ്രതിസന്ധി ഈ മേഖലയിലേക്ക് ജീവനക്കാരെ കിട്ടാനില്ലാത്തതാണ്
പൂട്ട് വീണ് പ്രാദേശിക വാർത്താ ചാനലുകൾ
നിരവധിഓപ്പറേറ്റർമാർ ചേർന്ന് ഒരു ഹെഡ് എന്റിൽ നിന്നും വിവിധ വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു.ഗ്രാമീണ മേഖലകളിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ ഏറെ സഹായകരമായിരുന്നു. കൊവിഡിനെ തുടർന്ന് വിവിധ കച്ചവട സ്ഥാപനങ്ങൾ പ്രതിസന്ധിയിലായതോടെ പ്രധാന വരുമാന മാർഗമായ പരസ്യ വരുമാനം കുത്തനെയിടിയുകയും പ്രാദേശിക വാർത്താ ചാനലുകൾ പലതും അടച്ച് പൂട്ടേണ്ടി വന്നിരിക്കുകയാണ്. ഇതോടെ ഇതിനെ ആശ്രയിച്ച് വന്നിരുന്ന നൂറ് കണക്കിന് ചെറുപ്പക്കാരുടെ ജോലിയാണ് നഷ്ടമായിരിക്കുന്നത്.
കേരളത്തിലെ കേബിൾ ടി.വി ഓപ്പറേറ്റർമാർ പ്രതിസന്ധിലൂടെയാണ് കടന്ന് പോകുന്നത്. സർക്കാരിൽ നിന്നും സഹായങ്ങൾ ലഭിച്ചെങ്കിൽ മാത്രമേ ഓപ്പറേറ്റർമാർക്ക് നിലനിൽപ്പുള്ളു.
സന്തോഷ് നെടുമൺ
(കേരള കേബിൾ ടി.വി ഫെഡറേഷൻ
സംസ്ഥാന വൈസ് പ്രസിഡന്റ്)
-വൈദ്യുതി പോസ്റ്റ് വാടക ഇനത്തിൽ 380 രൂപ
-വരിസംഖ്യ കൃത്യമായി പിരിച്ചെടുക്കാനാകുന്നില്ല
- നിരവധിപ്പേരുടെ ജോലി നഷ്ടപ്പെട്ടു