snake
പാമ്പ്

കോന്നി : പാമ്പുകളുടെ ദിവസമാണിന്ന്. ലോക പാമ്പുദിനം. പാമ്പിനെ ശത്രുവായി കാണുന്ന മനുഷ്യനെ ബോധവത്കരിക്കാനുള്ള ദിവസം. ജൈവ വൈവിദ്ധ്യത്തിലെ പ്രധാന കണ്ണിയാണ് പാമ്പുകളെന്നും പാരിസ്ഥിതിക സുസ്ഥിരത നിലനിറുത്തുന്നതിൽ അവയ്ക്ക് നിർണായക പങ്കുണ്ടെന്നും ഒാർമ്മിപ്പിക്കുകയാണ് ലോക പാമ്പുദിനം.

സർപ്പക്കാവുകൾ ധാരാളമുള്ള സംസ്ഥാനമാണ് കേരളം. മുമ്പ് 15,000 ത്തോളം കാവുകൾ ഉണ്ടായിരുന്നു. ഇവയിൽ ഭുരിഭാഗവും ഇല്ലാതായി. പാരിസ്ഥിതിക സുസ്ഥിരത നിലനിറുത്തുന്നതിൽ കാവുകളിലെ ജൈവസമ്പന്നത നിർണായക പങ്ക് വഹിച്ചിരുന്നു. പാമ്പുകൾക്ക് അനുയോജ്യമായ ആവാസ്ഥവ്യവസ്ഥ കാവുകളിൽ ഉള്ളതിനാൽ അവയെ അവിടെത്തന്നെ നിലനിറുത്താനും കഴിഞ്ഞിരുന്നു.

പാമ്പ് വിഷ ചികിത്സാ രംഗവും ഗവേഷണ രംഗവും രാജ്യത്ത് വളരെ പരിമിതമാണ്.

കാൻസർ, എയിഡ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് വേണ്ടി മരുന്നുകൾ കണ്ടെത്താനായി പണംചെലവഴിക്കുന്നതു പോലെ പാമ്പ് ചികിൽസാ രംഗത്തും പണം ചെലവഴിക്കേണ്ടത് അത്യാവശ്യമായിട്ടുണ്ട്. പാമ്പുകടിയേ​റ്റാൽ അതാതു പാമ്പുകൾക്കുള്ള പ്രതിവിഷം ഇന്നും ലഭ്യമല്ല. രക്താണലി, ചുരുട്ടമഡലി എന്നിവയുടെ വിഷം ബാധിക്കുന്നത് രക്തധമനികളെയും കോശങ്ങളെയുമാണങ്കിൽ മൂർഖന്റെയും ശംഖു വരയന്റെയും വിഷംകൂടുതലായി ബാധിക്കുന്നത് നാഡീവ്യൂഹത്തെയുമാണ്. പക്ഷേ ഇവയ്ക്കെല്ലാം പ്രതിവിഷമായി പോളീആന്റീവനമാണ് നൽകി വരുന്നത്.

പാമ്പുകൾക്ക് നേരെ മനുഷ്യന്റെ അതിക്രമം ധാരാളമായി നടക്കുന്നുണ്ട്. മാംസം, തൊലി, മരുന്ന്, മന്ത്രവാദം എന്നിവയ്ക്കായി പാമ്പുകളെ വേട്ടയാടുന്നുണ്ട്. കാട്ടുതീ, വനനാശം, അശാസ്ത്രീയമായ പാമ്പുപിടുത്തം ഇവമൂലം പാമ്പുകൾക്ക് മരണം സംഭവിക്കുന്നു. സിനിമ, സീരിയൽ നിർമ്മാണത്തിനായി വിഷപ്പല്ല് ഒടിച്ചു കളയുന്നതും, വിഷ ഗ്രന്ഥി മുറിച്ചുകളയുന്നതും വായ് തുന്നിക്കെട്ടുന്നതും പാമ്പുകളുടെ മരണത്തിന് കാരണമാകുന്നു. പിടികൂടുന്ന പാമ്പുകളെ എല്ലാം ഒരു സ്ഥലത്ത് തന്നെ വിടുന്നതും അശാസ്ത്രീയതയാണ്.

--------------

ലോകത്ത് ഏകദേശം 2,700

ഇനം പാമ്പുകൾ

കേരളത്തിലുള്ളത്

110 ഇനം

------------

കേരളത്തിലെ വിഷപ്പാമ്പുകൾ

രാജവമ്പാല, മൂർഖൻ, രക്താണലി, ശംഖുവരയൻ, ചുരുട്ടമഡലി എന്നിവയാണ് കേരളത്തിൽ പ്രധാനമായും കാണുന്ന വിഷപ്പാമ്പുകൾ.

ഉഗ്രവിഷമുള്ളത് രാജവെമ്പാല