പത്തനംതിട്ട : ഇടക്കാലത്ത് ഇളവുകൾ ലഭിച്ച ബ്യൂട്ടി പാർലറുകൾ ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ വർദ്ധിച്ചതോടെ വീണ്ടും പ്രതിസന്ധിയിലായി. ബാർബർ ഷോപ്പിൽ മുമ്പത്തെപ്പോലെയല്ലെങ്കിലും ആളുകൾ എത്തുന്നുണ്ട്. പക്ഷേ ബ്യൂട്ടി പാർലറുകളിൽ ആളേയില്ല. മാർച്ചിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പേ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചപ്പോൾ അടച്ചിട്ടതാണ് പാർലറുകൾ. ഫേഷ്യൽ പാടില്ലെന്ന വ്യവസ്ഥയിൽ മേയിൽ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും ഭയം കാരണം ആളുകളെത്തിയില്ല. ഇപ്പോൾ വീണ്ടും ആശങ്കയുണർത്തുന്ന രീതിയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. വാടക നൽകാൻ പോലും കഴിയാത്ത സ്ഥിതിയാണ് പാർലറുകാർക്ക് .
ഇരുനൂറ്റി അൻപതിലധികം ബ്യൂട്ടീ പാർലറുകൾ ജില്ലയിലുണ്ട്.
ലോക്ക് ഡൗണിൽ വീട്ടിലായവർക്ക് മുടിവെട്ടാനും പുരികം ത്രഡ് ചെയ്യാനും ഫേഷ്യൽ ചെയ്യാനുമടക്കമുള്ള മാർഗങ്ങൾ യൂ ട്യൂബ് ചാനലുകൾ ആരംഭിച്ചതും ഇവർക്ക് വിനയായി. പാർലർ നടത്തുന്നവരിൽ ചിലർ തന്നെ ചാനൽ നടത്തുന്നതിനാൽ വിശ്വാസ്യതയുമുണ്ട്.
-----------------
ബ്യൂട്ടി പാർലർ ഉടമകൾ പറയുന്നത്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിട്ടും ആളുകൾ എത്തുന്നില്ല. ജീവനക്കാരെ കുറയ്ക്കേണ്ടി വന്നു. ഈ സാഹചര്യത്തിൽ അതേനടക്കു. യൂ ട്യൂബ് ചാനലുകളിലെ എല്ലാം നല്ലതാണെന്ന് വിചാരിക്കരുത്. പഠിച്ച് ചെയ്യുന്നതും സ്വയം ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
"