കല്ലേലി: ആദിവാസി സമൂഹത്തിന്റെ താളപെരുമയായ കുംഭപ്പാട്ടിന്റെ ധന്യതയിലാണ് കല്ലേലി ഊരാളിയപ്പൂപ്പൻകാവ്. വയനാട്ടിൽ കുറിച്യരുടെ ഇടയിൽ പ്രചാരത്തിലിരുന്ന കലാരൂപമാണിത്. പ്രകൃതി കോപങ്ങൾ ശമിപ്പിക്കാൻ പ്രകൃതിഭാവങ്ങളെ വർണ്ണിച്ച് മലദൈവങ്ങളെ പ്രകീർത്തിച്ച് പാടുന്നു. കല്ലേലിക്കാവിൽ
എല്ലാ ദിവസവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം കുംഭപ്പാട്ട് അവതരിപ്പിക്കുന്നു. പാട്ടിന് അകമ്പടിയായി കുംഭം, പറ എന്നീ വാദ്യങ്ങൾ ഉപയോഗിക്കുന്നു. കൈപ്പിടിയിലൊതുങ്ങുന്ന വ്യത്യസ്ഥ വ്യാസമുള്ള കല്ലൻമുളയുടെ കഷണങ്ങളിലാണ് കുംഭം രൂപപ്പെടുത്തുന്നത്. മുളംകുറ്റിയുടെ ചുവടുകൊണ്ട് പാറകല്ലിൽ ഇടിച്ച് താളം മുഴക്കുന്നു. അച്ചൻകോവിലാറ്റിൽ നിന്ന് മുങ്ങി തപ്പിയെടുക്കുന്ന മിനുസമുള്ള കല്ലിലാണ് താളമിടുന്നത്. കവുങ്ങിൻ പാളയ്ക്ക് മുകളിൽ കാട്ടുകമ്പുകൾ കൊണ്ട് കൊട്ടുമ്പോൾ വാദ്യമുയരും. കൊയ്ത്തരിവാളിന്റെ രൂപത്തിലുള്ള കൊറ്റിയിരുമ്പ് മേളത്തിന് ഘനവാദ്യത്തിനുപയോഗിക്കുന്നു. പച്ചിരുമ്പു കൊണ്ടുള്ള പണിയായുധങ്ങൾ കൂട്ടിയിടക്കുമ്പോൾ കുംഭപ്പാട്ടിന് മികവ് കൂടും.
പാട്ട് രീതികളും ചൊല്ല് രീതികളും വാമൊഴിയായി കേട്ട് പഠിച്ചതും പാടിപതിഞ്ഞതുമാണ്. ഏഴ് ദിവസം നോമ്പെടുത്ത പാട്ടുകൂട്ടം കാവ് വണങ്ങി പാട്ട് തുടങ്ങും. ചില സമയങ്ങളിൽ അഴിക്കൂട്ടി അതിന് ചുറ്റുമിരുന്ന് പാടും. ഏഴ് പേർ അടങ്ങുന്ന പാട്ട് സംഘത്തെ അണികളെന്ന് വിളിക്കുന്നു.
ഡൽഹി, മുംബൈയ്, പൂനെ, കൽക്കത്ത, ബാഗ്ലൂർ എന്നിവിടങ്ങളിൽ നടന്ന ഫെസ്റ്റുവലുകളിൽ കുംഭപ്പാട്ട് അതരിപ്പിച്ചിട്ടുണ്ട്. കോന്നിയിൽ നിന്ന് എലിയറയ്ക്കൽ വഴി 8 കിലോമീറ്റർ സഞ്ചരിച്ചാൽ വനമേഖലയിലെ കാവിലെത്താം.