തിരുവല്ല: സുഭിക്ഷകേരളം പദ്ധതി പ്രവർത്തനം ശക്തിപ്പെടുത്താൻ ഇരവിപേരൂർ പഞ്ചായത്തിൽ യന്ത്രവത്കൃത കാർഷിക കർമ്മസേന രൂപീകരിക്കുന്നു. തൊഴിലാളികളുടേയും കാർഷിക യന്ത്ര സാമഗ്രികളുടെ ലഭ്യതക്കുറവും പരിഹരിക്കുകയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. അഞ്ചുവർഷം മുമ്പ് രൂപീകരിച്ച തൊഴിൽസേനയുടെ പ്രവർത്തനം കാർഷിക കർമ്മസേനയുമായി ചേർത്ത് എല്ലാവിധ യന്ത്രസാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കും. കാർഷിക കർമ്മസേനയുടെ രൂപീകരണം പരിശീലനം യന്ത്രസാമഗ്രികൾ ലഭ്യമാക്കൽ എന്നിവ കേരള സംസ്ഥാന കാർഷിക വകസന കർഷക ക്ഷേമവകുപ്പാണ് ഒരുക്കുന്നത്. കർമ്മസേനയുടെ ദൈനംദിന പ്രവർത്തനവും അധികമായി വേണ്ടിവരുന്ന ട്രാക്ടർ അടക്കമുള്ള യന്ത്രസാമഗ്രികളുടെ ലഭ്യത ഉറപ്പാക്കലും കൃഷി ഓഫീസിലൂടെ പഞ്ചായത്ത് നിർവഹിക്കും. കർമ്മസേനയുടെ പ്രവർത്തനത്തോടൊപ്പം പഞ്ചായത്തിൽ നിലവിലുള്ള രണ്ട് നഴ്‌സറിയുടെ പ്രവർത്തനംകൂടി ഏകോപ്പിക്കും. ഇതോടെ ആവശ്യപ്പെടുന്ന വീടുകളിലൊക്കെയും ഗ്രോബാഗിലുള്ള പച്ചക്കറി കൃഷി, മഴപ്പന്തൽ,ഡ്രിപ്പ് ഇറിഗേഷൻ എന്നിവ വ്യാപിപ്പിക്കുവാൻ കഴിയുമെന്ന് പഞ്ചായത്ത്
പ്രസിഡന്റ് അനസൂയാദേവി അറിയിച്ചു.കാർഷിക കർമ്മസേനയുടെ ഭാഗമാകുവാൻ ആഗ്രഹിക്കുന്ന ആളുകൾ ഈ മാസം 17ന് മുൻപായി കൃഷിഭവനുമായി ബന്ധപ്പെടണം. ഫോൺ: 9495330731.