vellakkett
കടപ്ര - വീയപുരം റോഡിലെ വെള്ളക്കെട്ട്

തിരുവല്ല: മഴക്കാലമായതോടെ അപ്പർകുട്ടനാടൻ മേഖലയിൽ പലയിടത്തും വെള്ളക്കെട്ടിന്റെ നിത്യദുരിതത്തിലാണ്. ഓടകൾ നിർമ്മിക്കാത്ത പ്രധാന റോഡുകളിലെ വെള്ളക്കെട്ട് അപകടസ്വാദ്ധ്യത ഉയർത്തുന്നു. നിരണം, കടപ്ര പഞ്ചായത്തുകളിലെ ഇരതോട്, തേവേരി, കടപ്ര, ആലന്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും റോഡുകളിലും വെള്ളം ഒഴിഞ്ഞുപോകുന്നില്ല. ഇരതോട് പള്ളിക്ക് കിഴക്കുവശം ഇടയോടി ചെമ്പ് പാടശേഖരത്തിലേക്ക് പോകുന്ന തോട് സ്വകാര്യ വ്യക്തികൾ അടച്ചതിനാൽ വെള്ളം ഒഴിഞ്ഞു പോകുന്നില്ല. ഇതുകാരണം ഇവിടുത്തെ പത്തോളം വീട്ടുകാർ ദുരിതം അനുഭവിക്കുകയാണ്. കടപ്ര-വീയപുരം ലിങ്ക് റോഡ് നിർമ്മിച്ചതോടെ തേവേരിക്കും ലിങ്ക് റോഡിനും ഇടയിൽ വസിക്കുന്ന പതിനഞ്ചോളം വീട്ടുകാർ വെള്ളക്കെട്ട് മൂലം പ്രയാസപ്പെടുന്നു. വെള്ളം ഒഴിഞ്ഞു പോകുവാൻ കുഴൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചെളികയറി അടഞ്ഞുകിടക്കുകയാണ്.

തിരക്കേറിയ റോഡിലും രക്ഷയില്ല


നിരണം ഡക്ക് ഫാം റോഡിൽ നേർക്കടവിന് സമീപം റോഡിൽ വെള്ളക്കെട്ടാണ്. ഇതുമൂലം അടുത്തകാലത്ത് ടാർ ചെയ്ത റോഡ് മുഴുവനും ഇളകി. കോലറയാറിലേക്ക് സ്ഥാപിച്ചിരുന്ന ഓടകൾ സ്വകാര്യ വ്യക്തികൾ നികത്തിയതാണ് ഇവിടെയും വിനയായത്. ആലന്തുരുത്തി പാലത്തിന് പടിഞ്ഞാറ് വശം ഏറെ തിരക്കുള്ള റോഡിലെ വെള്ളക്കെട്ട് വാഹങ്ങൾക്കും വഴിയാത്രക്കാർക്കും സമീപവാസികൾക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നു. മഴപെയ്താൽ ഇവിടെ മുട്ടിന് മുകളിൽ വെള്ളമാണ്.ഈ വെള്ളം പിന്നെ വറ്റിപ്പോകാൻ ദിവസങ്ങളെടുക്കും. തിരുവല്ല-കായംകുളം റോഡിൽ കടപ്ര എസ് എൻ ഹോസ്പിറ്റലിന് മുന്നിലും ആലന്തുരുത്തി ചന്തക്ക് വടക്കുവശവും മഴ പെയ്താൽ റോഡിൽ വെള്ളപ്പൊക്കമാണ്. ഈ ഭാഗത്തെ റോഡു മുഴുവനും തകർന്ന് കുഴികളായി. ഇരുവശവുമുള്ള കച്ചവട സ്ഥാപനങ്ങൾ ഏറെ കഷ്ടപ്പെടുന്നു. വാഹനങ്ങൾ കടന്നു പോകുമ്പോൾ തെറിക്കുന്ന വെള്ളം മുഴുവനും കടകൾക്കുള്ളിലേക്കാണ് പതിക്കുന്നത്. കടപ്ര എസ് എൻ ഹോസ്പിറ്റലിന് മുൻവശം വെള്ളക്കെട്ട് ഒഴിവാക്കുവാൻ ഓട നിർമ്മിച്ചതാണ്. എന്നാൽ അശാസ്ത്രിയ നിർമ്മാണം മൂലം വെള്ളമൊഴിഞ്ഞു പോകുന്നില്ല.

റോഡുകളിലെയും ജനവാസ കേന്ദ്രങ്ങളിലെയും വെള്ളക്കെട്ട് ശാശ്വതമായി ഒഴിവാക്കുവാൻ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂട്ടായി പരിശ്രമിക്കണം.

വിശ്വനാഥൻ
(​നിരണം)​