അടൂർ : ഛർദ്ദിച്ച് കുഴഞ്ഞുവീണ ലോറി ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂർ സ്വദേശി ഹരിദാസാണ് കുഴഞ്ഞുവീണത്. മഹാരാഷ്ട്രയിൽ നിന്ന് വീട്ടുസാധനങ്ങൾ കയറ്റി അടൂരിലെ ഒരു വീട്ടിൽ ഇറക്കിയ ശേഷം കൊട്ടരക്കര ഭാഗത്തേക്ക് പോകുകയായിരുന്നു. വടക്കടത്തുകാവ് പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ ഛർദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടർച്ചയായ 4 ദിവസമായി ലോറി ഓടിച്ച് വരികയായിരുന്ന ഇയാൾക്ക് നല്ല പനിയുണ്ടായിരുന്നു. രാവിലെ മുതൽ ആരോഗ്യസ്ഥിതി മോശമായിരുന്നെന്ന് ലോറി ക്ലീനർ പറഞ്ഞു. വിവരമറിഞ്ഞ ഹൈവേ പൊലീസ് ഹെൽത്ത് ഇൻസ്‌പെക്ടർ തട്ടത്തിൽ ബദറുദീനെ വിവരം അറിയിച്ചു.തുടർന്ന് 108 ആംബുലൻസ് എത്തിച്ച് അടൂർ ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു.