കോന്നി : വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രമാടത്ത് അതീവ ജാഗ്രത. കഴിഞ്ഞ ആഴ്ച മറൂർ കുളപ്പാറ ധർമ്മശാസ്താ ക്ഷേത്രത്തിനും കുരിശുപടിക്കും ഇടയിലുള്ള യുവാവിന്റെ വിവാഹമാണ് നടന്നത്. കല്ലറക്കടവിലാണ് വിവാഹം നടന്നതെങ്കിലും സൽക്കാരം അന്ന് വൈകിട്ട് മൂന്ന് മുതൽ രാത്രി വരെ വരന്റെ വീട്ടിലായിരുന്നു. ഈ സൽക്കാര ചടങ്ങിൽ പങ്കെടുത്ത ഇവരുടെ ബന്ധുവായ കുളത്തുമൺ സ്വദേശിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ പ്രമാടത്ത് അതീവ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്. രോഗ ബാധിതൻ വിവാഹ വീടിന് പുറമെ സമീപത്തെ ഭാര്യ വീട്ടിലും വലഞ്ചുഴിയിലെ ബന്ധുവീട്ടിലും പോയിരുന്നു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിൽ പ്രാഥമികമായി 22 പേരുണ്ട്. വധൂവരൻമാർ ഉൾപ്പടെയുള്ളവരോടും ഇദ്ദേഹം പോയ വീട്ടുകാരോടും സമ്പർക്കം പുലർത്തിയവരോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രമാടത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും നൽകിയിട്ടുണ്ട്.