കോന്നി : പ്രമാടത്ത് വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത ആളെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 22 പേരെ വീടുകളിൽ ക്വാറന്റൈനിലാക്കി. പ്രദേശത്ത് ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും അതിജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് പ്രമാടം മറൂർ കുളപ്പാറ ധർമ്മശാസ്താ ക്ഷേത്രത്തിനും കുരിശുപടിക്കും ഇടയിലുള്ള യുവാവിന്റെ വിവാഹം നടന്നത്. കല്ലറക്കടവിലാണ് വിവാഹം നടന്നതെങ്കിലും സൽക്കാരം അന്ന് വൈകിട്ട് മൂന്ന് മുതൽ രാത്രിവരെ വരന്റെ വീട്ടിൽ ആയിരുന്നു. ഈ സൽക്കാര ചടങ്ങിൽ പങ്കെടുത്ത ഇവരുടെ ബന്ധുവായ കുളത്തുമൺ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

കുമ്പഴ മത്സ്യ മാർക്കറ്റിലും കടയിലും ജോലി ചെയ്യുന്ന ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് സൽക്കാരത്തിൽ പങ്കെടുത്തത്. കുമ്പഴ മാർക്കറ്റിലെ മത്സ്യ വില്പനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടം കണ്ടെയ്ൻമെന്റ് സോണാണ്. ഇയാളുടെ ഭാര്യയും കുഞ്ഞും വീട്ടുകാരും ക്വാറന്റൈനിലാണ്. ഇയാൾ വിവാഹ വീടിന് പുറമെ സമീപത്തെ ഭാര്യ വീട്ടിലും വലഞ്ചുഴിയിലെ ബന്ധുവീട്ടിലും പോയിരുന്നു. ഏറ്റവും അടുത്ത സമ്പർക്കപ്പട്ടികയിൽ പ്രാഥമികമായി 22 പേരാണുള്ളത്. ഇവരോടെല്ലാം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നവ വരനും വധുവും ഇവരുടെ വീട്ടുകാരും രോഗബാധിതന്റെ ഭാര്യവീട്ടുകാരും വലഞ്ചുഴിയിലെ ബന്ധുക്കളും വരന്റെ സുഹൃത്തുക്കളും ഇതിൽ ഉൾപ്പെടും. ഇവരുടെ പരിശോധന വരും ദിവസങ്ങളിൽ നടത്തും.

ഇയാൾ സൽക്കാരത്തിന് എത്തിയ സമയം വീട്ടിൽ ഉണ്ടായിരുന്നവരും സമ്പർക്കം പുലർത്തിയവരും വിവരം അറിയിക്കണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.പത്തനംതിട്ട നഗരത്തെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് നേരത്തെ അടച്ചിരുന്നു. ഗ്രാമപഞ്ചായത്തും പൊലീസും പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ പറഞ്ഞു. കൊവിഡ് ബാധിതൻ എത്തിയ സമയം സൽക്കാര സ്ഥലത്ത് ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം.