തിരുവല്ല: ഉന്നതനിലവാരത്തിൽ പുനർനിർമ്മിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകുന്നു. ഇടിഞ്ഞില്ലം ഭാഗത്തെ ഒരു വ്യക്തി മാത്രമാണ് സ്ഥലം വിട്ടുനൽകാതെ തർക്കം ഉന്നയിച്ചിട്ടുള്ളത്. കാവുംഭാഗത്തെ ജി.കെ. ആശുപത്രിയുടെ സ്ഥലവും എതിർവശത്തെ റോഡിനോട് ചേർന്നിരിക്കുന്ന വീടിന്റെ കുറേഭാഗങ്ങളും വരെ വിട്ടുനൽകിയതിൽ ഉൾപ്പെടും. വീതികൂട്ടലിന്റെ ഭാഗമായി പൊളിച്ച മതിലുകൾക്ക് പകരം കിഫ്ബി ഫണ്ടുപയോഗിച്ച് തന്നെ പുതിയ മതിൽ വേഗത്തിൽ നിർമ്മിച്ചു നൽകുന്നുണ്ട്. നിലവിൽ എട്ടുമീറ്റർ വരെയാണ് റോഡിന് വീതിയുണ്ടായിരുന്നത്. ഇത് പുനർനിർമ്മിക്കുമ്പോൾ 10 മീറ്ററായി വർദ്ധിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ഓടകളും നടപ്പാതയും ഒരുക്കും. അഞ്ചു കിലോമീറ്റർ ദൂരമുള്ള കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് പൂർത്തിയാകുന്നതോടെ എം.സി. റോഡിനെയും മാവേലിക്കര റോഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു ബൈപ്പാസിന്റെ ഗുണം ലഭിക്കും. ചങ്ങനാശേരി ഭാഗത്തുനിന്നും തിരുവല്ലയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയായി ഈ റോഡ് ഉപയോഗിക്കാം. വാഹനങ്ങൾ ഇതുവഴി പോകുമ്പോൾ തിരുവല്ല നഗരത്തിലെ ഗതാഗത തിരക്കിനും കുറവുണ്ടാകും. ഇടിഞ്ഞില്ലം പാലത്തിന്റെ കോൺക്രീറ്റിങ് കഴിഞ്ഞമാസം 19ന് നടത്തിയിരുന്നു. ഇതിന്റെ തട്ടുകൾ അടുത്താഴ്ച പൊളിച്ചുനീക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17 കോടി ചെലവഴിച്ചാണ് പണികൾ നടത്തുന്നത്.
----------------
നിർമ്മാണം 17 കോടി ചെലവിൽ
--------------
കാലാവസ്ഥ അനുകൂലമായാൽ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡിന്റെ നിർമ്മാണം നാലു മാസത്തിനുള്ളിൽ പൂർത്തിയാക്കും
.
സി.ബി. സുഭാഷ് കുമാർ
പൊതുമരാമത്ത് അസി.എക്സി. എൻജിനീയർ
തിരുവല്ല