ഏനാത്ത് : ജോലിയും കൂലിയുമില്ലാതെ വറുതിയുടെ നടുവിലാണ് ഇൗറ്റയിൽ കുട്ടയും വട്ടിയും നെയ്തെടുക്കുന്ന മെതുകുമ്മേൽ താഴത്ത് വടക്ക് ഭാഗത്തുള്ള പത്തോളം കുടുംബങ്ങൾ. ഈറ്റ നെയ്ത്തിലൂടെ ഉപജീവനം കണ്ടെത്തിയ പലരും തൊഴിലുറപ്പ് ജോലിക്ക് പോയപ്പോൾ ആരോഗ്യം അനുവദിക്കാത്ത ചിലർ പട്ടിണിയിലുമായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഈറ്റയുടെ വരവ് പൂർണ്ണമായി നിലച്ചു. തട്ട തോലൂഴം ബാംബു കോർപ്പറേഷൻ ബ്രാഞ്ച് സെന്ററിൽ നിന്നുമാണ് നെയ്ത്ത് തൊഴിലാളികൾ ഈറ്റ വാങ്ങുന്നത്. കാർഡുള്ള ഒരു തൊഴിലാളിക്ക് മൂന്നുകെട്ട് ഈറ്റ വീതം വിതരണം ചെയ്തിരുന്നു. നെയ്യുന്ന ഉല്പനങ്ങൾ ഏനാത്ത് മാർക്കറ്റിലോ സമീപത്തെ കടയിലോ ആണ് തൊഴിലാളികൾ വില്ക്കുന്നത്. പരമ്പരാഗത ഈറ്റ ഉല്പന്നങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും വിപണിയിൽ ലഭ്യത കുറയുകയാണ്. പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുടെ കടന്നു വരവിൽ പരമ്പരാഗത ഗാർഹിക ഉപകരണങ്ങളായ വട്ടി, കുട്ട, പരമ്പ് എന്നിവയ്ക്ക് പ്രിയം കുറഞ്ഞെങ്കിലും ഇപ്പോൾ നെൽകൃഷിയും തരിശ് കൃഷിയും സജീവമായതോടെ ആവശ്യക്കാരേറി.
ന്യായമായ വരുമാനം ലഭിക്കാത്തതിനൊപ്പം ഈറ്റ ക്ഷാമവും വാഹനക്കൂലിയിനത്തിൽ ഉണ്ടായ വർദ്ധനവും ഇടനിലക്കാരുടെ ചൂഷണവുമാണ് തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. സ്ത്രീകളാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നതിൽ ഏറെയും.
150 രൂപയുടെ ഒരു കെട്ട് ഈറ്റ ഉപയോഗിച്ച്
3000 രൂപ വരെ വില വരുന്ന
ഉൽപ്പന്നങ്ങൾ നെയ്തെടുക്കാം
ഇൗറ്റ ഉൽപ്പന്നങ്ങൾ
വട്ടി, കുട്ട, മുറം, പനമ്പ്
ഇൗറ്റയുടെ ലഭ്യതക്കുറവ് ജീവിതം വഴിമുട്ടിച്ചിരിക്കുകയാണ്. ലോക്ക് ഡൗണിൽ തകർന്ന മേഖലയെ സംരക്ഷിക്കണം.
സരസമ്മ,
താഴത്ത് വടക്ക് പാക്കുളത്ത്,
മെതുകുമ്മേൽ