പത്തനംതിട്ട: വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ജില്ലില്‍ വീണ്ടും സജീവമാകുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് പത്തനംതിട്ട തനിമ ഹോട്ടലില്‍ വിളിച്ച് ഇരുപത് പേര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് നടത്താനുള്ള ശ്രമം നടന്നിരുന്നു. ഉടമയ്ക്ക് ഇത് തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ പൊലീസില്‍ പരാതി നല്‍കി. കരസേനാ ഓഫീസില്‍ നിന്നാണെന്ന് പറഞ്ഞ് വ്യാപാര സ്ഥാപനങ്ങളിലേക്ക് ഫോണ്‍ വിളിക്കുന്ന സംഘം സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുകയാണ് പതിവ്. പണം അയയ്ക്കുന്നതിനു വേണ്ടി ഇവര്‍ അക്കൗണ്ട് നമ്പറും എ.ടി.എം കാര്‍ഡിന്റെ കോപ്പിയും വാട്‌സ് ആപ്പുവഴി ആവശ്യപ്പെടും. തുടര്‍ന്ന് വ്യാപാരിയില്‍ നിന്ന് പാസ്‌വേര്‍ഡുകൂടി വാങ്ങിഅക്കൗണ്ടില്‍ ഉള്ള പണം മുഴുവനും തട്ടിയെടുക്കുന്ന രീതിയാണ് ഇവര്‍ ചെയ്തു വരുന്നത്. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച് അറിവില്ലാത്തവരാണ് ഇവരുടെ കെണിയില്‍ കുടുങ്ങുന്നത്. മുമ്പും സമാനമായ നിരവധി കേസുകള്‍ കേരളത്തില്‍ പല ഭാഗത്തും ഉണ്ടായതായി കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമ അറിയിച്ചു. ഇത് സംബന്ധിച്ച് പത്തനംതിട്ട പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുന്‍പും ഇതുപോലെ സമാനമായ സംഭവം ഉണ്ടായപ്പോള്‍ പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. ഒരു വര്‍ഷത്തില്‍ ഏറെയായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ തട്ടിപ്പ് നടത്തുന്ന സംഘം എല്ലാ സ്ഥലത്തും ഒരേ പ്രൊഫൈല്‍ ചിത്രമാണ് വാട്‌സ് അപ്പില്‍ ഉപയോഗിക്കുന്നത്.