vettila

പത്തനംതിട്ട : ലോക്ക് ഡൗണിൽ നേരിട്ട തിരിച്ചടികൾക്ക് പിന്നാലെ പൂപ്പൽ രോഗവും വെറ്റില കർഷകരെ ദുരിതത്തിലാക്കുന്നു. ആന്ത്രാക്നോസ് എന്ന് അറിയപ്പെടുന്ന പുള്ളിക്കുത്ത് രോഗമാണ് വെറ്റില കൃഷിയെ സാരമായി ബാധിക്കുന്നത്. വിളവെടുപ്പിന് പാകമായ വെറ്റിലയിൽ കറുത്ത പാടുകൾ പോലെ രൂപപ്പെടുന്ന ഈ രോഗം പിന്നീട് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. ഇലയും തണ്ടും പഴുത്ത് അഴുകി കൃഷി നശിച്ച് പോകുകയാണ്. റാന്നി, വടശ്ശേരിക്കര, അടൂർ, കോന്നി, കുളത്തുമൺ, അരുവാപ്പുലം, കലഞ്ഞൂർ എന്നിവിടങ്ങളിലായി നിരവധി വെറ്റില കർഷകരാണുള്ളത്. വിളവെടുപ്പ് സമയങ്ങളിൽ കർഷകർ മാസം നാൽപ്പതിനായിരം രൂപയോളം സമ്പാദിച്ചിരുന്നു. എന്നാൽ രോഗം വ്യാപിച്ചതോടെ കർഷകർ വെറ്റില പൂർണ്ണമായും നശിപ്പിച്ച് കളയുകയാണ്. തുരിശും കുമ്മായവും ചേർത്ത മിശ്രിതം തളിച്ചാൽ ഈ രോഗം ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് കൃഷി വകുപ്പ് അധികൃതർ പറയുന്നു. എന്നാൽ പൂപ്പൽ ശ്രദ്ധയിൽ പെട്ടാൽ കർഷകർ പെട്ടന്ന് തന്നെ കൃഷി നശിപ്പിച്ച് വീണ്ടും തൈനടും. ലോക്ക് ഡൗൺ കാലത്ത് വെറ്റില കർഷകർക്ക് ലഭിച്ചു വന്നിരുന്ന വരുമാനത്തെയും രോഗം സാരമായി ബാധിച്ചു. രോഗ വ്യാപനത്തോത് കൂടിയാൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് പലരും.

80 വെറ്റില അടങ്ങിയ ഒരു കെട്ടിന് 100 മുതൽ 200 രൂപ വരെയാണ് വില. ഇപ്പോൾ ലഭിക്കുന്ന വില : 30 - 40 രൂപ മാത്രം.

വളരെ ബുദ്ധിമുട്ടിലാണ്. ലോക്ക് ഡൗണിന് പുറമേ വെറ്റിലയ്ക്ക് പൂപ്പൽ രോഗം കൂടിയായപ്പോൾ ആകെ ദുരിതമായി.

അഗസ്റ്റിൻ കുളത്തുമൺ,

കർഷകൻ