പത്തനംതിട്ട: പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കി. ഇന്നലെ രാവിലെ ഒമ്പതു മുതല്‍ കുട്ടികളെ പരീക്ഷാ കേന്ദ്രത്തിലേക്കു പ്രവേശിപ്പിച്ചു തുടങ്ങി. ഗേറ്റില്‍ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചുള്ള പരിശോധനയ്ക്കുശേഷമാണ് അകത്തേക്കു കയറ്റിയത്. സാനിറ്റൈസര്‍ നല്‍കി കൈകള്‍ ശുദ്ധിയാക്കാനും സാമൂഹിക അകലം പാലിക്കാനും കുട്ടികള്‍ക്ക് നിര്‍ദേശം നല്കി വോളണ്ടിയര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടായിരുന്നു. കേന്ദ്രങ്ങള്‍ക്കു പുറത്തെ തിരക്ക് ഒഴിവാക്കാന്‍ പൊലീസും രംഗത്തുണ്ടായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണായ പത്തനംതിട്ടയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വന്തം വാഹനങ്ങളിലും ടാക്‌സികളിലുമൊക്കെയാണ് കുട്ടികളുമായി രക്ഷിതാക്കള്‍ എത്തിയത്. രാവിലെയും ഉച്ചകഴിഞ്ഞുമായി നടന്ന പരീക്ഷകള്‍ക്കുശേഷമാണ് കുട്ടികളുമായി രക്ഷിതാക്കള്‍ മടങ്ങിയത്.