17-acid-chorcha

പഴകുളം: ഹൈഡ്രോക്ലോറിക്ക് ആസിഡുമായി പോയ ടാങ്കർ ലോറിയിൽ ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ ആറിന് കെ.പി റോഡിൽ പഴകുളം ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. തൂത്തുക്കുടി പി.സി.ഡബ്‌ള്യൂ വിൽ നിന്ന് ആലുവ മുപ്പതടം എടയാർ ഡവലപ്പ്‌മെന്റ് ഏരിയായിലെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടിയിൽ ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് പോകുകയായിരുന്നു ടാങ്കർ. ക്ലച്ച് തകരാറിലായതിനെ തുടർന്ന് റോഡരുകിൽ നിറുത്തിയിടുകയായിരുന്നു വാഹനം. രാവിലെ ആറ് മണിയോടെ ടാങ്കറിന്റെ ബുള്ളറ്റ് വാൽവിൽ നിന്ന് വെളുത്ത പുക പുറത്തേക്ക് വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ അടൂർ സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും രണ്ട് യൂണിറ്റ് ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഫയർഫോഴ്‌സ് സംഘം ചോർച്ചയുള്ള ഭാഗത്ത് വെള്ളമൊഴിച്ച് പുറത്തേക്ക് വരുന്ന പുക ശമിപ്പിച്ചു.
തുടർന്ന് 9.30 ന് വാഹനം ഹൈസ്കൂൾ ജംഗ്ഷനിലെ അരമനപ്പടിയിലേക്ക് മാറ്റി. ചവറ കെ.എം.എം.എല്ലിൽ നിന്ന് എത്തിച്ച മറ്റൊരു ടാങ്കറിലേക്ക് ആസിഡ് പകർന്ന ശേഷം വിദഗ്ദ്ധർ ചോർച്ച പരിഹരിച്ചു. ഉച്ചയ്ക്ക് ശേഷം 2.30 ന് വാഹനം ചവറയിലേക്ക് മാറ്റി. 235 ടൺ ഹൈഡ്രോക്ലോറിക്ക് ആസിഡാണ് ടാങ്കറിൽ ഉണ്ടായിരുന്നത്. ചിറ്റയം ഗോപകുമാർ എം.എൽ.എ സ്ഥലത്തെത്തിയിരുന്നു.