sv

പത്തനംതിട്ട: കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സ്ഥാനം എസ്.വി. പ്രസന്നകുമാറിന് രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ കൈവന്ന പദവി മാത്രമല്ല. കൈലിയും തോർത്തുമായി എന്നും പറമ്പിലിറങ്ങുന്ന കർഷകനാണ് അദ്ദേഹം. പുലർച്ചെ ആറരയ്ക്ക് തൂമ്പായുമെടുത്ത് കൃഷി സ്ഥലത്തേക്ക് പോകും. വാഴയും കപ്പയും ഇഞ്ചിയും മഞ്ഞളും തെങ്ങും കവുങ്ങുമൊക്കെ നട്ടു വളർത്തിയ മണ്ണിലിറങ്ങാതെ അദ്ദേഹത്തിന് ഒരു ദിവസമില്ല. പച്ചക്കറികൾക്കുമുണ്ട് പ്രത്യേകയിടം. അദ്ധ്വാനത്തിന്റെ വിലയറിയുന്ന ഇൗ കർഷകനാണ് കോന്നി കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്.

ദീർഘകാലം പത്തനംതിട്ട കാർഷിക വികസന ബാങ്ക് ഡയറക്ടർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസന്നകുമാർ, കോന്നി താലൂക്ക് കാർഷിക വികസന ബാങ്ക് രൂപീകരിച്ചപ്പോൾ മുതൽ പ്രസിഡന്റാണ്. ഡി.സി.സി ജനറൽ സെക്രട്ടറിയായ അദ്ദേഹം തിരക്കേറിയ പൊതു പ്രവർത്തനത്തിനിടയിലും കൃഷിയെ പ്രോത്സാഹിപ്പിക്കാനും കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ആവശ്യമായ കാർഷിക വായ്പകൾ പരമാവധി കർഷകരിൽ എത്തിക്കാനുമുള്ള ശ്രമത്തിലാണ്.

സ്വദേശമായ വാഴമുട്ടത്ത് നിരവധി കർഷകർ വിലയിടിവിനെ തുടർന്ന് റബർ വെട്ടിക്കളഞ്ഞ് മറ്റ് കൃഷികളിലേക്ക് കടന്നിട്ടുണ്ട്. കാർഷിക വായ്പകൾക്കും മറ്റുമായി ബാങ്കിലെത്തുന്നവരുടെ അനുഭവമാണ് കൃഷി വിപുലപ്പെടുത്താൻ പ്രസന്നകുമാറിനെ പ്രേരിപ്പിച്ചത്. ഒരേക്കറിലധികമുണ്ടായിരുന്ന സ്ഥലത്തെ റബർ മാറ്റി കൃഷിയിറക്കി. 70 തെങ്ങ്, 75 കശുമാവ്, 500 വാഴ, 200 കവുങ്ങ്, 200മൂട് കുരുമുളക് തുടങ്ങിയവയും ഇടവിള കൃഷികളുമാണ് പറമ്പിലുള്ളത്. ഭാര്യ അനിതയും മക്കളായ നിതീഷും നിഖിലും മരുമകൾ ബിജിൽ മോഹനും കൃഷിയിൽ സഹായത്തിനായുണ്ട്.

കൊവിഡ് ലോക് ഡൗൺ സമയത്ത് മുഴുവൻ സമയവും കൃഷിക്കായി മാറ്റിവച്ചു. ആവശ്യമായ സമയങ്ങളിൽ സഹായത്തിന് ആളുകളെ കൂട്ടുന്നു.

കെ.എസ്.യു ജില്ലാ ഭാരവാഹിയായി പൊതുപ്രവർത്തനം തുടങ്ങിയ അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ കമ്മിറ്റിയംഗവും എസ്.എൻ ട്രസ്റ്റ് ബോർഡംഗവുമായിരുന്നു. കാൽ നൂറ്റാണ്ടിലേറെയായി വാഴമുട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവധാര ക്ളബിന്റെ രക്ഷാധികാരിയാണ്. പത്തനംതിട്ട നഗരത്തിലെ ദി സൈക്കിൾ ആൻഡ് മോട്ടോർ ട്രേഡേഴ്സ് ഉടമയായ പ്രസന്നകുമാർ പത്തനംതിട്ട മർച്ചന്റ് സഹകരണസംഘം പ്രസിഡന്റു കൂടിയാണ്.

------------

'' കോന്നിയുടെ വികസനാടിത്തറ കൃഷിയാണ്. കർഷകർക്ക് ഉത്തേജനം പകരാൻ കോന്നി കാർഷിക വികസന ബാങ്ക് ഒപ്പമുണ്ട്.

എസ്.വി. പ്രസന്നകുമാർ.