sudheesh

ഇളമണ്ണൂർ: സ്മാർട്ട് ഫോണുകളിലും വാട്ട്സാപ്പ് ഗ്രൂപ്പുകളിലും തളയ്ക്കപ്പെട്ട യുവതലമുറയെ കൃഷിയിലേക്ക് മാറി ചിന്തിപ്പിക്കുവാൻ പ്രേരിപ്പിക്കുകയാണ് ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ എം.ബി.എ ബിരുദധാരി സുധീഷ്. ഇളമണ്ണൂർ ഹരിശ്രീയിൽ ഹരിദാസൻ നായർ - സുധാഭായി ദമ്പതികളുടെ ഇളയമകനായ സുധീഷ് ബാഗ്ലൂർ ആചാര്യ കോളജിലാണ് എം.ബി.എ പഠനം പൂർത്തീകരിച്ചത്. പിന്നീട് വിദേശ കമ്പനിയിൽ ജോലി നോക്കിയിരുന്നു. നാട്ടിലെത്തിയ ശേഷം പിതാവ് പാട്ടത്തിനെടുത്ത ഒന്നര ഏക്കർ വയലിൽ മരച്ചീനി കൃഷിയിറക്കി. കൂടാതെ വാഴ, ചേമ്പ്, കാച്ചിൽ, പടവലം എന്നിവയും കൃഷി ചെയ്തു. ഇപ്പോൾ ഏനാദിമംഗലം ഗ്രാമ പഞ്ചായത്തിലെ നാല് കവലകളിൽ മരച്ചീനി കച്ചവടം നടത്തുന്നു. ചാണകപ്പൊടി, കോഴി കാഷ്ടം, എല്ലുപൊടി എന്നിവയാണ് പ്രധാന വളം. കൃഷിയുടെ തുടക്കത്തിൽ കാട്ടുപന്നികൾ വില്ലനായപ്പോൾ കൃഷിയിടത്തിൽ മാടമൊരുക്കി കാവലിരുന്നു സുധീഷ് പന്നിയെ തുരത്തി. കൃഷിക്ക് പിതാവിനെയും മാതാവിനെയും കൂടാതെ സുഹൃത്തായ രാജേഷും സഹായത്തിനുണ്ട്. കൂടുതൽ സ്ഥലത്തേക്ക് കൃഷികൾ വ്യാപിപ്പിക്കാനാണ് സുധീഷിന്റെ ലക്ഷ്യം.