തിരുവല്ല: ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്ന തോട്ടഭാഗം-ചങ്ങനാശേരി റോഡിന്റെ വികസനത്തിന് കവിയൂർ കെ.എൻ.എം സ്കൂളിന്റെ സ്ഥലം ജില്ലാ പഞ്ചായത്ത് വിട്ടുനൽകുവാൻ ധാരണയായി. സംസ്ഥാന സർക്കാർ കിഫ്ബി മുഖേന ഫണ്ട് അനുവദിച്ച് വികസിപ്പിക്കുന്ന തോട്ടഭാഗം-ചങ്ങനാശേരി റോഡ് വികസനത്തിന് തടസമായി നിൽക്കുന്ന വസ്തുക്കൾ ഉടമകളുടെ സമ്മതത്തോടെ ഏറ്റെടുത്ത് വരികയാണ്. ഈ സ്കൂളിന്റെ ഉടമസ്ഥാവകാശം ജില്ലാ പഞ്ചായത്തിനാണ്. പൊതുമരാമത്ത് അധികൃതർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഡിവിഷൻ അംഗം എസ്.വി.സുബിൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് സ്ഥലം വിട്ടുനൽകുവാൻ തീരുമാനിച്ചത്.നാഴിപ്പറയിൽ നിന്ന് ഇറങ്ങിവരുന്ന റോഡും സ്കൂളിന്റെ കളിസ്ഥലത്തോട് ചേർന്ന വളവും ചേരുന്ന ഈ ഭാഗത്ത് റോഡിന് വീതി കൂട്ടേണ്ടത് അത്യാവശ്യമാണ്. സ്കൂളിന്റെ കളിസ്ഥലവും റോഡും ചേരുന്ന ഈ ഭാഗം വിട്ടുകൊടുക്കുമ്പോൾ ചെറിയ മഴയത്തുപോലും വെള്ളക്കെട്ട് രൂപപ്പെടുന്ന കളിസ്ഥലം സംരക്ഷിക്കുവാൻ റോഡിന്റെ ഓടയിലേക്ക് തന്നെ വെള്ളം ഒഴുക്കി വിടും. കൂടാതെ സ്കൂളിന്റെ മതിൽ നിർമ്മിച്ചു നൽകും. ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എലിസബത്ത് മാത്യു, അംഗം ബൈജുക്കുട്ടൻ, സർവീസ് സഹകരണ ബാങ്ക് അഡ്വ.രജിത്കുമാർ,പഞ്ചായത്ത് സെക്രട്ടറി ചന്ദൻ, ഹെഡ്മിസ്ട്രസ് കെ.പി സുശീല എന്നിവർ പൊതുമരാമത്ത് മല്ലപ്പള്ളി അസിസ്റ്റന്റ് എൻജിനിയർ ശാലിനി മാത്യു, ഓവർസിയർ റോബർട്ട് എന്നിവർക്ക് വസ്തു അളന്ന് തിട്ടപ്പെടുത്തി നൽകി.