തിരുവല്ല: നഗരസഭയിൽ 19-ാം വാർഡിൽ ഉൾപ്പെട്ട തുകലശേരി ഹോളി സ്പിരിറ്റ് കോൺവെന്റിലെ കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 14-ാം വാർഡിൽ ഉൾപ്പെടുന്ന നഗരത്തിലെ ഒരുവശത്തെ കടകൾ അടപ്പിച്ചതിൽ വ്യാപാരികൾ പ്രതിഷേധിച്ചു. കൊവിഡ് രോഗം സ്ഥിരീകരിച്ച പ്രദേശത്തുനിന്നും ഏറെ അകന്നു സ്ഥിതി ചെയ്യുന്ന പട്ടണത്തിലെ വ്യാപാര സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ച നടപടി ഖേദകരമാണ്. നിലവിലെ വ്യാപാരമാന്ദ്യവും കടുത്ത സാമ്പത്തികപ്രതിസന്ധിയും മൂലം ഏറെ ക്ലേശമനുഭവിക്കുന്ന വ്യാപാരികൾക്ക് ഇത് താങ്ങാനാവാത്ത പ്രഹരമാണ്. നിലവിൽ അടപ്പിച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ച് ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുവാൻ അധികൃതർ അനുവദിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പട്ടു. യോഗത്തിൽ പ്രസിഡന്റ് എം.സലിം അദ്ധ്യക്ഷത വഹിച്ചു. എം.കെ വർക്കി, മാത്യുസ് ജേക്കബ്, സജി എം.മാത്യു, ഷിബു പുതുക്കേരിൽ,കെ.കെ.രവി,രജ്ഞിത്ത് ഏബ്രാഹാം,ബിനു ഏബ്രഹാം, മാത്യൂസ് ചാലക്കുഴി, ശ്രീകാന്ത്, നിസ്സാമുദീൻ എന്നിവർ സംസാരിച്ചു.