ksrtc
അടൂർ കെ. എസ്. ആർ. ടി. സി ഡിപ്പോയുടെ പ്രവർത്തനം നിലച്ച നിലയിൽ

അടൂർ: ജനറൽ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർക്കും പഴയ പ്രൈവറ്റ് സ്റ്റാന്റിലെ ആട്ടോറിക്ഷ ഡ്രൈവർക്കും ഏഴംകുളം പഞ്ചായത്തിലെ 6-ാം വാർഡിലെ ഒരു കുട്ടിക്കും സമ്പർക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചത് രോഗ വ്യാപന ഭീഷണിയാകുന്നു. കൊവിഡ് ബാധിച്ച ഡോക്ടർ പരിശോധിച്ച പള്ളിക്കൽ രണ്ട് ഗർഭിണികൾ ഉൾപ്പെടെ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇവർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരല്ല എന്നതാണ് ശ്രദ്ധേയം. സ്ഥിതിഗതികൾ ഗുരുതരമാകുന്ന അവസ്ഥ കണക്കിലെടുത്ത് ചിറ്റയം ഗോപകുമാർ എം.എൽ.എ ഇന്ന് രാവിലെ 10.30 ന് ആർ. ഡി. ഒ ഒാഫീസിൽ നഗരസഭയിലെ ക്രമീകരണങ്ങൾ വിലയിരുത്താനായി അടിയന്തരയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ജനറൽ ആശുപത്രിയുള്ള 24-ാം വാർഡും ആട്ടോറിക്ഷ ഡ്രൈവർ താമസിക്കുന്ന 26-ാം വാർഡും മാത്രമാണ് ഇതുവരെ കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റിയിരിക്കുന്നത്. രോഗം ബാധിച്ച ഗൈനക്കോളജി ഡോക്ടർ താമസിക്കുന്ന 27-ാം വാർഡിലെ വീട്ടിലേക്ക് ഇപ്പോഴും വിവരം അറിയാതെ കൺസൾട്ടിംഗിനായി ആളുകൾ എത്തുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് ഇൗ വാർഡും ഇതിനൊപ്പം ചേർന്ന് കിടക്കുന്ന 5, 22 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി മാറ്റാൻ ചിറ്റയം ഗോപകുമാർ എം.എൽ.എ നിർദ്ദേശം നൽകിയത്. കണ്ടെയിൻമെന്റ് സോൺ എന്നറിയാതെ ഇന്നലെ നിരവധിപ്പേർ രാവിലെ നഗരത്തിലെ വ്യാപാര സ്ഥപനങ്ങൾ തുറന്നു പ്രവർത്തിപ്പിച്ചു. ഇതോടെ ആരോഗ്യവകുപ്പും നഗരസഭയും ചേർന്ന് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് നൽകിയതോടെയാണ് മൊബൈൽ ഷോപ്പുകൾ ഉൾപ്പെടെയുള്ള കടകൾ അടച്ചത്. മെഡിക്കൽ സ്റ്റോർ ഒഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങൾ 5 മണിക്ക് അടച്ചു എന്ന് ഉറപ്പാക്കാൻ പൊലീസും രംഗത്ത് എത്തി. അടൂർ കെ. എസ്. ആർ. ടി. സി ഡിപ്പോയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. മറ്റു ഡിപ്പോകളിൽ നിന്ന് വരുന്ന ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് റോഡ് വഴിയാണ് കടത്തിവിടുന്നത്. യാത്രക്കാരെ ബൈപാസ് റോഡിലുള്ള പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്റിനുമുന്നിൽ ഇറക്കും. കണ്ടെയിൻമെന്റ് സോണിൽപ്പെട്ട വാർഡുകളിലെ ഉപറോഡുകളെല്ലാം അടച്ചു.

വിലക്ക് ലംഘിച്ച പുറത്തിറങ്ങിയ 7 പേർക്കെതിരേ പൊലീസ് ഇന്നലെ കേസ് എടുത്തു. ഏറത്ത് പഞ്ചായത്തിലെ 13-ാം വാർഡിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളുടെ മാതാവ് വഴി 100 ൽ അധികം തൊഴിലുറപ്പ് തൊഴിലാളികൾ സമ്പർക്കത്തിലേർപ്പെട്ടെന്ന വിവരവും ആശങ്കപ്പെടുത്തുന്നു. മോട്ടോർ വാഹന വകുപ്പും നിയന്ത്രണങ്ങൾ ശക്തമാക്കി.