പത്തനംതിട്ട : ഡിഗ്രീ പരീക്ഷ എഴുതിയ വിദ്യാർത്ഥിനിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് ആരോഗ്യപ്രവർത്തകരും കോളേജ് അധികൃതരും വിവരം സഹപാഠികളെ അറിയിച്ചില്ലെന്ന് ആക്ഷേപം. ജൂൺ 23 മുതൽ 29 വരെ നടന്ന ഡിഗ്രീ പരീക്ഷയിൽ മലയാളം രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഇരുപത് കാരിയ്ക്കാണ് കൊവിഡ് പോസിറ്റീവായത്. പത്തനംതിട്ട നഗരത്തിലെ പ്രധാന കോളേജാണിത്. പോസിറ്റീവായ വിദ്യാർത്ഥിനി മുമ്പ് കുലശേഖരപതിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതു പ്രവർത്തകനായ യുവനേതാവിന്റെ സഹോദരിയാണ്. വിദ്യാർത്ഥിനിയുടെ സഹോദരന് 6നും ഇവർക്ക് 12 നും ആണ് കൊവിഡ് സ്ഥിരീകരിച്ചത്. 2ന് ആയിരുന്നു കൊവിഡ് പരിശോധനയ്ക്ക് നേതാവിന്റെ സ്രവം എടുത്തത്. വിദ്യാർത്ഥിനിയുടെ കൂടെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിലൊരാൾ ആശുപത്രിയിലെത്തിയപ്പോൾ പരിശോധിക്കാതെ മടക്കി അയച്ചെന്നും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണം എന്നും പറഞ്ഞതായി വിദ്യാർത്ഥി പറയുന്നു. ഇപ്പോൾ അദ്ധ്യാപകരും വിദ്യാർത്ഥികളും രോഗ ഭീതിയിലാണ്. കൊവിഡ് മാനദണ്ഡപ്രകാരം ഒരു ബെഞ്ചിൽ രണ്ട് കുട്ടികളാണ് പരീക്ഷ എഴുതേണ്ടത്. എന്നാൽ കോളേജിൽ ഒരു ബെഞ്ചിൽ മൂന്ന് പേരാണ് പരീക്ഷയ്ക്കിരുന്നത്. പോസിറ്റീവായ വിദ്യാർത്ഥിനി രണ്ട് പേരുടെ നടുവി ലിരുന്നാണ് പരീക്ഷ എഴുതിയത്.
പരീക്ഷാ ഹാളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥി പറയുന്നത്... സാമൂഹിക അകലം പ്രതീക്ഷിച്ചാണ് കോളേജിൽ എത്തിയത്. പക്ഷെ അടുത്തടുത്താണ് ബെഞ്ചുകളിട്ടിരുന്നത്. ഒരു ബെഞ്ചിൽ മൂന്ന് പേർ വീതമായിരുന്നു. ഒരു കൊവിഡ് മാനദണ്ഡവും പാലിച്ചിരുന്നില്ല. ഇപ്പോഴും ആ കുട്ടിയ്ക്ക് പോസിറ്റീവായത് അറിയാത്തവരുണ്ട്. കോളേജ് അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചിട്ടില്ല. പരീക്ഷയ്ക്ക് മുമ്പ് സൈൻ ചെയ്യുന്നത് ഒരേ പേപ്പറിലാണ്. ആരോഗ്യപ്രവർത്തകരെ വിവരം അറിയിച്ചെങ്കിലും പിന്നീട് അവർ വിളിച്ചില്ല. ആ ഹാളിൽ ഏകദേശം 35 കുട്ടികൾ ഉണ്ടായിരുന്നു. ആ കുട്ടി കൂട്ടുകാരോട് അടുത്തിടപഴകയിട്ടുണ്ട്. പക്ഷെ ആരും ക്വാറന്റൈനിൽ പോയതായി അറിയില്ല.