തണ്ണിത്തോട്: പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശമായ മണ്ണീറയിലേക്ക് ബസ് സർവീസില്ലാത്തതിനാൽ ജനങ്ങൾ ബുദ്ധിമുട്ടിലാക്കുന്നു. കോന്നി തണ്ണിത്തോട് റോഡിൽ മുണ്ടാമൂഴി വരെ ബസ് സർവീസുണ്ട്. മണ്ണീറയിൽ നിന്ന് നാല് കിലോമീറ്റർ നടന്നാണ് നാട്ടുകാർ ഇവിടെയെത്തി ബസ് കയറുന്നതും തിരിച്ച് പോകുന്നതും. ഇതിൽ ഒരു കിലോമീറ്റർ ദൂരം വനത്തിലൂടെ സഞ്ചരിക്കണം കാലമേറെ പുരോഗമിച്ചിട്ടും പരിമിതമായ യാത്ര സൗകര്യങ്ങൾ നാട്ടുകാരെയും വിദ്യാർത്ഥികളേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. മുൻപ് ഇവിടേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസാരംഭിച്ചെങ്കിലും പിന്നീട് നിറുത്തി. മുണ്ടോ മൂഴിയിലേക്കുള്ള യാത്രയ്ക്ക് പലരും ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. തണ്ണിത്തോട് പഞ്ചായത്തിലെ ഒരു വാർഡായ മണ്ണീറയിൽ 400 ഓളം കുടുബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

കോന്നിയിൽ നിന്ന് കരുമാൻതോടിനും, തണ്ണിത്തോടിനും സർവീസ് നടത്തുന്ന ബസുകളിലൊന്ന് രാവിലെയും വൈകിട്ടും ഓരോ ട്രിപ്പുകൾ വിതം മണ്ണീറയിലെത്തി പോയാൽ നാട്ടുകാർക്ക് ഏറെ പ്രയോജനപ്രദമാവും.

റ്റിജോ തോമസ്

(വാർഡ് മെമ്പർ)​

-400 കുടുംബങ്ങൾ താമസം

-യാത്രക്ക് ആശ്രയിക്കുന്നത് ഓട്ടോയെ

-ബസ് സർവീസ് നിറുത്തിയിട്ട് നാളുകൾ