കോഴഞ്ചേരി : പ്ലസ്ടു പരീക്ഷാഫലത്തിൽ മിന്നുന്ന വിജയവുമായി മൂവർസംഘം. കലാകായിക മത്സരങ്ങളിലെ വിജയങ്ങളും ഇവർ ഒന്നിച്ചാണ് നേടിയിരുന്നത്. കോഴഞ്ചേരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ . സാൻജോ ഡാൻ പ്രസാദ്, ആഷ്ബി തോമസ് ഉമ്മൻ. ആരോൺ മാത്യു റോയി എന്നിവരാണ് നേട്ടം കൈവരിച്ചത്. ഹ്യൂമാനിറ്റീസ് എഫ് ഡിവിഷനിലായിരുന്നു മൂവരും. സാൻജോയ്ക്കും ആഷ്ബിക്കും 1200ൽ 1200 ലഭിച്ചപ്പോൾ ആരോണിന് പ്ലസ് വണ്ണിൽ ലഭിക്കാതെ പോയ രണ്ട് മാർക്കിന്റെ കുറവിൽ1198 മാർക്ക് ലഭിച്ചു. സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ ചോക്ക് നിർമ്മാണത്തിൽ രണ്ടുവർഷം എ ഗ്രേഡ് നേടിയ ആഷ്ബി കിടങ്ങന്നൂർ ഇടയുഴത്തിൽ മോൻ ഉമ്മൻ, റെനി മാത്യു ദമ്പതികളുടെ മകനാണ് . എട്ടാം ക്ലാസ് മുതൽ തുടർച്ചയായി പ്ലസ്ടൂ വരെ വയലിൻ പാശ്ചാത്യത്തിൽ എ ഗ്രേഡും സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയ മേളയിൽ അഞ്ച് വർഷം എ പ്ലസും നേടിയിട്ടുണ്ട് സാൻജോ ഡാൻ പ്രസാദ്. നാണയവും സ്റ്റാമ്പുകളും സാൻജോയുടെ ശേഖരത്തിൽ മനോഹരമായി സൂക്ഷിക്കുന്നുമുണ്ട്. ഇടയാറന്മുള എ.എം.എം. എച്ച്.എസ്.എസ്. റിട്ട. അദ്ധ്യാപകൻ പ്രസാദ് പി.ടൈറ്റസിന്റെയും മുണ്ടിയപ്പളളി സി.എം.എസ്. ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപിക പ്രിൻസമ്മ ജോസഫ് ദമ്പതികളുടെ മകനാണ് സാൻജോ. 1198 മാർക്ക് നേടിയ ആരോൺ റോയി മാത്യു സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് വർഷം തബലയിലും ഇംഗ്ലീഷ് രചനാ മത്സരത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. മാരാമൺ കൺവെൻഷനിലെ തബലിസ്റ്റ് കൂടിയാണ് ആരോൺ. അഭിഭാഷകനായ കുറിയന്നൂർ മരുതോലിക്കൽ റോയി എം.മാത്യുവിന്റെയും കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസ്. അദ്ധ്യാപിക അനൂപാ ലീലാ തോമസിന്റെയും മകനാണ് ചിത്രരചനയിലും മികവ് തെളിയിച്ച ആരോൺ.