ചെങ്ങന്നൂർ: നഗരസഭയിൽ അങ്ങാടിക്കൽ കോലാമുക്കം ഭാഗത്ത് പമ്പാനദിയോട് ചേർന്ന ഭാഗത്തുള്ള പുലിമുട്ടും ചിറയും സംരക്ഷിക്കുന്നതിനുള്ള കൽക്കെട്ടുകൾ അടിയന്തരമായി നിർമ്മിക്കുന്നതിന്റെ ഭാഗമായി മേജർ ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ ഡി.ബിജുവിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
സജി ചെറിയാൻ എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്നാണ് അടിയന്തര പരിശോധന നടന്നത് .പമ്പാ നദിയിൽ ജലനിരപ്പ് ഉയരുമ്പോൾ ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ചിറയും അതിനോടു ചേർന്ന പുലിമുട്ടും ശക്തമാക്കുന്നത്. കോലാമുക്കം ഭാഗത്ത് താമസിക്കുന്ന 22 കുടുംബങ്ങൾക്ക് ഈ പ്രദേശത്തേക്കുള്ള ഏക മാർഗം ചിറയാണ്. നദീ നിരപ്പിൽ നിന്നും 30 അടി ഉയരത്തിലുള്ള ചിറയ്ക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 30 വർഷമായി ഉണ്ടായ വിവിധ വെള്ളപ്പൊക്കത്തിലും ശക്തമായ ഒഴുക്കിലും നദീ തിരത്തെ പുലിമുട്ടു മുതൽ ചിറ വരെയുള്ള ഭാഗത്തെ കൽക്കെട്ട് പൂർണമായി തകർന്നു. കഴിഞ്ഞ പ്രളയത്തിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന് നദി ചിറയ്ക്കു മുകളിലൂടെ ഗതി മാറിയൊഴുകി. തുടർന്നു വരുന്ന മഴക്കാലത്ത് നദിയിലെ കുത്തൊഴുക്കിൽ ചിറ തകർന്നതിൽ നഗരത്തിൽ ജല നിരപ്പ് ക്രമാതീതമായി ഉയരാൻ സാദ്ധ്യത മുന്നിൽ കണ്ടാണ് ഈ നടപടി.
ആദ്യഘട്ടത്തിൽ ആറ് ലക്ഷം
ആദ്യഘട്ടമായി, ചിറയുടെ വടക്ക് പമ്പനദിയോടു ചേർന്ന ഭാഗം കൽകെട്ടി ബലപ്പെടുന്നതിന് ആറ് ലക്ഷം രൂപ അനുവദിച്ചു.തുടർന്ന് വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനോടു ചേർന്ന ഭാഗത്ത് 55 മീറ്റർ നീളത്തിൽ ചിറയുടെ നദീ ഭാഗത്ത് പുതിയതായി കരിങ്കൽ ഭിത്തി നിർമ്മിച്ച് ബലപ്പെടുത്തും.ഭാവിയിൽ ഈ ഭാഗത്തെ രണ്ടു തട്ടു മതിലും പുനർനിർമ്മിക്കും.ഇറിഗേഷൻ വകുപ്പ് കായംകുളം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ആഷാ ബീഗം, കായംകുളം അസിസ്റ്റന്റ് എൻജിനിയർ സി ജ്യോതി, വാർഡ് കൗൺസിലർ ബി സുദീപ് എന്നിവർ പങ്കെടുത്തു.
-കൽക്കെട്ട് പൂർണമായി തകർന്നു
ചിറക്ക് നദീതീരത്ത് നിന്ന് 30 അടി ഉയരം
- നൂറ്റാണ്ടിലേറെ പഴക്കം
കൽഭിത്തി അടിയന്തരമായി സ്ഥാപിച്ച് ചിറയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും.
സജി ചെറിയാൻ
(എം.എൽ.എ)