കോന്നി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോന്നി ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടയ്ക്കുന്നു. ഗ്രാമപഞ്ചായത്തും വ്യാപര വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും സംയുക്തമായാണ് തീരുമാനമെടുത്തത്. നാളെ മുതൽ ഒരാഴ്ചത്തേക്കാണ് പ്രാഥമികമായി ഗ്രാമപഞ്ചായത്തിൽ ലോക്ക് ഡൗൺ നടപ്പാക്കുന്നത്. എന്നാൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ സ്റ്റോറുകളും നിബന്ധനകളോടെ തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനങ്ങളിൽ ഇന്നലെ അറിയിപ്പ് നൽകി. കോന്നിയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെയും വ്യാപാരികളുടെയും അടിയന്തിര നടപടി.

ടൗൺ പ്രദേശത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് കൂടി ഇന്നലെ സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ ഗ്രാപഞ്ചായത്ത് പരിധിയിൽ വഴിയോര മത്സ്യ കച്ചവടവും, വാഹനങ്ങളിലെ പഴം പച്ചക്കറി കച്ചവടവും, നാരായണപുരം ചന്തയിലെ മത്സ്യ വ്യാപാരത്തിനും ഗ്രാമ പഞ്ചായത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് ഇന്നലെ അധികൃതർക്ക് നടപ്പാക്കാനായില്ല. വിലക്കുകൾ ലംഘിച്ച് കച്ചവടം പൊടിപൊടിച്ചു. ആളുകളുടെ കൂട്ടവും ചന്തയിലുണ്ടായി. ഇന്ന് ചന്ത ദിവസമാണ് . ഞായറാഴ്ച മുതൽ വിലക്കുള്ളതിനാൽ ധാരാളം ആളുകൾ നാരായണപുരം ചന്തയിൽ എത്തിച്ചേരാൻ സാദ്ധ്യതയുണ്ട്.

അരുവാപ്പുലം, മലയാലപ്പുഴ, തണ്ണിത്തോട്, കലഞ്ഞൂർ, പ്രമാടം ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകളിലും കൊവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്റണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.