18-santhoshkumar
സന്തോഷ്

ചിറ്റാർ :വേലിത്തോട് വനമേഖലയിൽ മ്ലാവിനെ വെടിവെച്ചുകൊന്ന കേസിൽ കെ. എസ്. ഇ. ബി മസ്ദൂർ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരെക്കൂടി വനപാലകർ അറസ്റ്റുചെയ്തു. സീതത്തോട് കക്കാട് കെ. എസ്. ഇ. ബി മസ്ദൂർ ജീവനക്കാരനായ ആങ്ങമുഴി കാരക്കൽ വീട്ടിൽ സന്തോഷ് (40), കൊച്ചാണ്ടി പുലിവാരത്തിൽ രാജു (61) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. ഇനി അഞ്ചുപേരെക്കൂടി അറസ്റ്റുചെയ്യാനുണ്ട്. ആങ്ങമുഴി തിരുവല്ലാലുങ്കൽ സന്തോഷ്(47), സീതക്കുഴി ആപ്പായി( ബിനു - 31), കൊച്ചാണ്ടി പുലിവാരത്തിൽ ബിജു (45) എന്നിവരെയാണ് നേരത്തേ പിടികൂടിയത്. മറ്റൊരു പ്രതിയായ കോട്ടക്കുഴി മല്ലപ്പള്ളി ബിജു പിന്നീട് കോടതിയിൽ കീഴടങ്ങിയിരുന്നു. സീതക്കുഴി പുത്തൻപറമ്പിൽ റെജി, ആങ്ങമുഴി കാരക്കൽ മഹേഷ്, ബിനുവർഗീസ്, ആനച്ചന്ത ചെറതോപ്പിൽ ബിജിലി, വർഗീസ് എന്നിവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

. ജൂൺ ആറിനാണ് കേസിനാസ്പദമായ സംഭവം
. വേലിത്തോട് മാരുതി വനമേഖലയിലാണ് ഇവർ മ്ലാവിനെ വെടിവെച്ചു കൊന്നത് ഇറച്ചി കാട്ടിൽ വച്ചുതന്നെ ഉണക്കി പങ്കുവച്ചു. ജൂൺ അഞ്ചു മുതൽ ഏഴ്വരെ ഇവർ കാട്ടിൽത്തന്നെയായിരുന്നു.
എട്ടിന് നാട്ടിലെത്തി ഇറച്ചി വീട്ടിൽ കറിവച്ചുകൊണ്ടിരിക്കുമ്പോഴാണ് വനപാലകരെത്തിയത്. അവിടെ വച്ച് മൂന്നുപേർ പിടിയിലായി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. പതിമൂന്നു കിലോ ഇറച്ചി പിടിച്ചെടുത്തു.