18-baby
അഞ്ച് ദിവസം പ്രായമായ കുട്ടി

കുമ്പനാട്: സുഷുമ്‌നാ നാഡിയിൽ മാരകമായ തകരാറുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയ അഞ്ച് ദിവസമായ കുഞ്ഞിനെ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിനെ തുടർന്ന് വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചു.

സുഷുമ്‌നാ നാഡിയിൽ മാരകമായ തകരാറുണ്ടെന്നും സ്പിനാ ബിഫിഡായും മൈലോ മെനിജോ സെലിയുമാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര ചികിത്സക്ക് വിധേയമാക്കിയത്.

മാതാപിതാക്കളായ ഇരവിപേരൂർ സ്വദേശിയായ ടീനയുടേയും ആറന്മുള സ്വദേശിയായ ജോർജ് മത്തായി എന്നിവരുടെ ഇവരുടെ അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെയാണ് വെല്ലൂർ സി.എം.സി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയാൽ രക്ഷിക്കാൻ സാധിക്കുമെന്ന് അടൂരിലെ സ്‌പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചത്. ഇവരുടെ ബുദ്ധിമുട്ടുകൾ കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽ എത്തിച്ചതിനെ തുടർന്നായിരുന്നു നടപടി. റോഡ് മാർഗം കുട്ടിയെ രാത്രി ഒൻപതോടെ വെല്ലൂരിലേക്ക് കൊണ്ട് പോകാൻ തീരുമാനിച്ചു. തമിഴ്‌നാട് ആരോഗ്യ മന്ത്രി ഡോ വിജയ ഭാസ്‌ക്കരുമായി ഉമ്മൻ ചാണ്ടി നേരിട്ട് സംസാരിച്ചതിനെ തുടർന്ന് വെല്ലൂർ സിഎംസി മെഡിക്കൽ കോളേജിൽ തമിഴ്‌നാട് സർക്കാർ എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ സൂരജ് മാത്യുവാണ് ഈ ജീവൻ മരണ ദൗത്യം ഏറ്റെടുത്ത് അതിവേഗം കുട്ടിയെ വെല്ലൂരിൽ എത്തിച്ചത്. രാത്രി പത്ത് മണിക്ക് പുറപ്പെട്ട ആബുലൻസ് പിറ്റേന്ന് രാവിലെ ആറിന് വെല്ലൂരിൽ എത്തി. ഡോക്ടർ കൂടിയായ തമിഴ്‌നാട് ആരോഗ്യ മന്ത്രി വിജയ് ഭാസ്‌കരറിന്റെ നിർദേശാനുസരണം ന്യൂറോ വിഭാഗം തലവനായ ഡോ ബൈലിസ് വിവേക്, രഞ്ജിത്ത് കെ മൂർത്തി എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയെ ചികിത്സിക്കുന്നത്.