നാരങ്ങാനം: കല്ലേലി, കാട്ടൂർ പേട്ട, ഇളപ്പുങ്കൽ ഉൾപ്പെടെയുള്ള നാരങ്ങാനം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ വ്യാപനം തടയാൻ ശ്രമം തുടങ്ങി. വ്യാപാരി വ്യവസായി ഏകോപന സമിതി നാരങ്ങാനം യൂണിറ്റിന്റെ നേതൃത്വത്തിൽ എല്ലാ കടകളിലും പൊതുജനങ്ങൾക്കായി പോസ്റ്ററുകൾ സ്ഥാപിച്ചു.മാസ്‌ക് നിർബന്ധമായും ധരിക്കുക,കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം മാത്രം കടകളിൽ പ്രവേശിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കുക തുടങ്ങിയ വിവരങ്ങൾ എല്ലാ കടകളിലും പതിച്ചിട്ടുണ്ട്. മുഴുവൻ കടകളിലും കൈ കഴുകുന്നതിന് തോപ്പും വെള്ളവും വയ്ക്കുവാനും, സാനിറ്റൈസർ വയ്ക്കുവാനും നിർദ്ദേശം നൽകി. സാമൂഹ്യ അകലം പാലിച്ച് മാത്രമേ കടകളിൽ പ്രവേശിക്കാൻ അനുവദിക്കുന്നുള്ളു. പഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.വാർഡിലേക്കുള്ള എല്ലാ പ്രധാന വഴികളും അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. പോസിറ്റീവായവരുടെ സമ്പർക്ക പട്ടികയിൽ വന്ന സ്ഥാപനങ്ങൾ അടച്ചു ജീവനക്കാർ കോറന്റ്രനിൽ പ്രവേശിച്ചു. ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യങ്ങൾക്കേ ഏഴാം വാർഡിലുള്ളവർ പുറത്തിറങ്ങാവൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ അറിയിച്ചു.